Published: 27 Sep 2017
100% ശുദ്ധസ്വർണ്ണം ആഭരണങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല, എന്തുകൊണ്ട്?
ഒരു ലോഹമെന്ന നിലയിൽ 24 കാരറ്റ് സ്വർണ്ണം അഥവാ 100% ശുദ്ധസ്വർണ്ണം വളരെയേറെ മൃദുവാണ്. ഈ മൃദുത്വമാണ് സ്വർണ്ണത്തിന്റെ വഴക്കത്തിനും (വലിച്ചുനീട്ടാവുന്ന അവസ്ഥ) മയത്തിനും (അടിച്ചു പരത്താവുന്ന അവസ്ഥ) കാരണം. വാസ്തവത്തിൽ സ്വർണ്ണമാണ് മനുഷ്യനറിയാവുന്നതിൽ വെച്ച് ഏറ്റവും മയമുള്ള ലോഹം. അടിച്ചു പരത്തി അങ്ങേയറ്റം കട്ടികുറഞ്ഞ പാളികളാക്കാൻ കഴിയും അതിനെ. ഒരിഞ്ച് ഉയരത്തിലുള്ള ഒരട്ടിയിൽ 200,000 ലേറെ വേറിട്ട പാളികൾ അടുക്കിവെക്കാൻ കഴിയും.
സ്വർണ്ണത്തിന്റെ മൃദുത്വം അതിനെ എളുപ്പത്തിൽ അടിച്ചുപരത്താനും വലിച്ചുനീട്ടാനും സാധ്യമാക്കുന്നുണ്ടെങ്കിലും, അതിന് അതിന്റേതായ കുറവുമുണ്ട്. സ്വർണ്ണം ഏറ്റവുമധികം ഉപയോഗിക്കുന്നത് ആഭരണനിർമ്മാണത്തിലാണല്ലോ. സങ്കീർണ്ണമായ ഡിസൈനുകളിലുള്ള ആഭരണങ്ങളിൽ രത്നങ്ങളും മറ്റും ഘടിപ്പിക്കുമ്പോഴാണ് സ്വർണ്ണത്തിന്റെ മൃദുത്വം പ്രശ്നമായി മാറുന്നത്. അത്തരത്തിലുള്ള ആഭരണങ്ങളിൽ 100% ശുദ്ധസ്വർണ്ണം ഉപയോഗിക്കുക എന്നത് അചിന്തിനീയമാണ്. 24 കാരറ്റ് സ്വർണ്ണം അതീവ മൃദുത്വമുള്ളതാകയാൽ അതിന് എളുപ്പത്തിൽ രൂപമാറ്റം സംഭവിക്കുകയും ആഭരണങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള രത്നങ്ങളും മറ്റും പിടുത്തംവിട്ട് ഊരിപോകാൻ ഇടയാകുകയും ചെയ്യുന്നു. അതിനാൽ ഉറപ്പുള്ള ആഭരണങ്ങൾ നിർമ്മിക്കാൻ സ്വർണ്ണപ്പണിക്കാർ 22 കാരറ്റിന്റെ സ്വർണ്ണക്കൂട്ടാണ് ഉപയോഗിക്കുന്നത്.
സ്വർണ്ണം പലതരത്തിലുള്ള വിശുദ്ധിയിലാണ് വരുന്നത്. എറ്റവും കുറഞ്ഞ വിശുദ്ധിയുള്ള 10 കാരറ്റ് മുതൽ 100% ശുദ്ധമായ 24 കാരറ്റ് വരെ. 24 കാരറ്റിനു താഴെയുള്ള സ്വർണ്ണമെല്ലാം എല്ലായ്പ്പോഴും ചെമ്പോ, വെള്ളിയോ, പ്ലാറ്റിനമോ ചേർത്ത ലോഹക്കൂട്ടുകളായിരിക്കും.
ഒരു ലോഹക്കൂട്ട് അതിലടങ്ങിയിരിക്കുന്ന ലോഹങ്ങളുടെയെല്ലാം സവിശേഷതകൾ പ്രകടിപ്പിക്കും. ഉദാഹരണത്തിന്, രണ്ടുഭാഗം വെള്ളിയും 22 ഭാഗം സ്വർണ്ണവുമടങ്ങിയ ലോഹക്കൂട്ട്, 22 കാരറ്റ് അഥവാ 91.67% ശുദ്ധസ്വർണ്ണം നൽകും. അത് 100% സ്വർണ്ണത്തേക്കാൾ ഉറപ്പുള്ളതായിരിക്കും. അതിലടങ്ങിയിട്ടുള്ള വെള്ളിയുടെ സവിശേഷതയാണത്. സ്വർണ്ണത്തിന്റെ ശതമാനം കുറയും തോറും ലോഹക്കൂട്ടിന് ഉറപ്പേറും; അതിൽ ചേർത്തിരിക്കുന്ന മറ്റുലോഹങ്ങളുടെ സ്വഭാവമനുസരിച്ച്.
സ്വർണ്ണക്കൂട്ട് ഉപയോഗിക്കുന്നത് ഉറപ്പുള്ളതും കൂടുതൽ ഈടുനിൽക്കുന്നതും നിത്യോപയോഗത്തിന്റെ കാഠിന്യങ്ങളെ ചെറുക്കുന്നതുമായ ആഭരണങ്ങൾ സൃഷ്ടിക്കാനാണ്. അങ്ങനെ നിങ്ങളുടെ ആഭരണങ്ങളുടെ സൗന്ദര്യം വർഷങ്ങൾ കഴിഞ്ഞാലും നിലനിൽക്കുമെന്ന് ഉറപ്പിക്കാം.