Published: 22 Oct 2018
ഞാൻ ഹാൾമാർക്ക് ചെയ്തിട്ടില്ലാത്ത സ്വർണ്ണം വാങ്ങുമ്പോൾ എന്ത് സംഭവിക്കുന്നു?
ഇന്ത്യയിൽ ഹാൾമാർക്കിംഗ് ഒരു സ്വമേധയാ ചെയ്യേണ്ട പദ്ധതിയാണെന്നിരിക്കേ, ഹാൾമാർക്ക് ചെയ്ത സ്വർണ്ണം വാങ്ങുന്നത് പ്രധാനമാണോ? ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണ്ണം വാങ്ങണമെന്ന് പറയുന്നതിന് പല കാരണങ്ങളുണ്ട്: വാങ്ങുന്ന സ്വർണ്ണത്തിന്റെ ശുദ്ധിയുടെ ഉറപ്പാണ് ഹാൾമാർക്കിംഗ് ഉറപ്പാക്കുന്നത്. ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) നിഷ്കർഷിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതാണ് വാങ്ങുന്ന സ്വർണ്ണമെന്നും ഇത് ഉറപ്പാക്കുന്നു.
ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത് സുപ്രധാന കാര്യമല്ലെന്നാണ് ഇപ്പൊഴും നിങ്ങൾ കരുതുന്നതെങ്കിൽ, ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നില്ലെങ്കിൽ നിങ്ങൾക്ക് സംഭവിച്ചേക്കാവുന്ന കോട്ടങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
പല റീട്ടെയിലർമാരും, തങ്ങൾ വിൽക്കുന്ന സ്വർണ്ണത്തിന് മികച്ച ശുദ്ധിയും ഗുണനിലവാരവും ഉണ്ടെന്ന് സ്ഥാപിച്ചെടുക്കുകയും ഹാൾമാർക്ക് ചെയ്ത സ്വർണ്ണം വാങ്ങേണ്ട ആവശ്യമില്ലെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യും. നിങ്ങൾക്ക് അവർ വിലക്കിഴിവും പ്രഖ്യാപിച്ച് കളയും. എന്നിരുന്നാലും, നിങ്ങൾ നടത്താൻ പോകുന്നത് ഒരു പ്രധാനപ്പെട്ട നിക്ഷേപം ആകയാൽ, സാധ്യതയ്ക്ക് ഒന്നും വിട്ടുകൊടുക്കാതിരിക്കുന്നതാണ് ബുദ്ധി.
റീട്ടെയിലറുടെ വാക്ക് കേട്ട് നിങ്ങൾ 'വിലപേശലി'ന് മുതിർന്നാൽ, നിങ്ങൾ വാങ്ങാൻ പോകുന്ന സ്വർണ്ണത്തിന് ശുദ്ധി ഉണ്ടോ എന്ന് ഒരിക്കലും ഉറപ്പിക്കാനാകില്ല. വാസ്തവത്തിൽ, നിങ്ങൾ കൊടുക്കുന്ന പണത്തിന്റെ മൂല്യത്തിനുള്ള സ്വർണ്ണം നിങ്ങൾക്ക് ലഭിച്ചെന്ന് വരില്ല. നിങ്ങൾ വാങ്ങുന്ന ഇനത്തെ കുറിച്ചുള്ള എല്ലാ പ്രധാന വിവരങ്ങളും ഹാൾമാർക്ക് നൽകുന്നു. ഹാൾമാർക്കിൽ ബിഐഎസ് സ്വർണ്ണ മാനദണ്ഡ അടയാളവും ശുദ്ധിയുടെ ഗ്രേഡും അസ്സേയിംഗ് ആൻഡ് ഹാൾമാർക്കിംഗ് കേന്ദ്രത്തിന്റെ മുദ്രയും ജ്വല്ലറിയുടെയോ നിർമ്മാതാവിന്റെയോ അടയാളവും ഉണ്ടായിരിക്കും.
ബന്ധപ്പെട്ട ലേഖനം: ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത് എന്തിന്?
കൂടാതെ, ഒരു സ്വർണ്ണാഭരണം നിർമ്മിക്കുന്ന സമയത്ത്, സ്വർണ്ണത്തിന്റെ ചെറിയ പീസുകൾ സോൾഡർ ചെയ്തോ ഒട്ടിച്ചോ ആണ് മുഴുവൻ സ്വർണ്ണാഭരണവും നിർമ്മിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ? സ്വർണ്ണത്തിന്റെ ഈ ചെറിയ പീസുകൾ പലപ്പോഴും സങ്കര ലോഹങ്ങളായിരിക്കാം, അതിനാൽ തന്നെ, നിങ്ങൾക്ക് വിൽക്കപ്പെടുന്ന അന്തിമ സ്വർണ്ണത്തിന്റെ ശുദ്ധി കുറയുന്നു. ഹാൾമാർക്ക് ചെയ്തിട്ടില്ലാത്ത സ്വർണ്ണം നിങ്ങൾ വാങ്ങുന്നുവെങ്കിൽ, നിങ്ങൾക്ക് ലഭിക്കുന്ന അന്തിമ സ്വർണ്ണ ഇനത്തിന്റെ ശുദ്ധി ഉറപ്പിക്കാൻ മാർഗ്ഗമൊന്നുമില്ല.
സ്വർണ്ണം വിൽക്കുമ്പോഴും റീസൈക്കിൾ ചെയ്യുമ്പോഴും
നിങ്ങൾ ഹാൾമാർക്ക് ചെയ്തിട്ടില്ലാത്ത ഒരു സ്വർണ്ണാഭരണമാണ് വിൽക്കാൻ പോകുന്നതെങ്കിൽ, നിങ്ങൾക് ന്യായമായ വില ലഭിക്കാതിരിക്കാനാണ് കൂടുതൽ സാധ്യത. ഇതിന് കാരണം, ഹാൾമാർക്ക് ചെയ്തിട്ടില്ലാത്ത സ്വർണ്ണത്തിന്റെ കാരറ്റേജ് പരിശോധിച്ചുറപ്പിക്കാൻ കഴിയില്ല എന്നത് തന്നെ. കാരറ്റേജിന്റെ കുറിച്ച് നിങ്ങൾ നൽകുന്ന ഉറപ്പോ നിർമ്മാതാവിൽ നിന്ന് നിങ്ങൾക്ക് ലഭിച്ചിട്ടുള്ള സർട്ടിഫിക്കേഷനോ ഈ സാഹചര്യത്തിൽ പരിഗണിക്കപ്പെടില്ല.
കൂടാതെ, നിങ്ങൾ വിൽക്കാൻ പോകുന്ന സ്വർണ്ണാഭരണത്തിന്റെ കാരറ്റേജ്, വിൽപ്പനയ്ക്ക് മുമ്പ് നിങ്ങൾക്ക് പരിശോധിക്കണമെന്നുണ്ടെങ്കിൽ, ഒരു സ്പെക്ട്രോമീറ്ററുള്ള കടയിലേക്ക് നിങ്ങൾ ഈ സ്വർണ്ണാഭരണം കൊണ്ടുചെല്ലേണ്ടി വരും. ഈ ഉപകരണം ഉപയോഗിച്ച് അവർ, സൗജന്യമായി തന്നെ, നിങ്ങളുടെ സ്വർണ്ണാഭരണത്തിന്റെ ശുദ്ധി അളക്കും. എന്നാൽ, നിങ്ങളുടെ പക്കൽ സാധുതയുള്ള തെളിവൊന്നും ഇല്ലാത്തതിനാൽ, ജ്വല്ലറിക്കാരൻ പറയുന്നത് നിങ്ങൾ കേൾക്കേണ്ടി വരും. അതിനാൽ, സ്വർണ്ണം വാങ്ങുമ്പോൾ എല്ലായ്പ്പോഴും ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ വാങ്ങുക, അതുവഴി വിൽക്കുന്ന സമയത്ത് നിങ്ങൾക്ക് മേൽപ്പറഞ്ഞ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരില്ല.
ബന്ധപ്പെട്ട ലേഖനം: സ്വർണ്ണം റീസൈക്കിൾ ചെയ്യുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഹാൾമാർക്ക്, നിങ്ങൾ വാങ്ങുന്ന സ്വർണ്ണത്തിന്റെ ആധികാരികത ഉറപ്പാക്കുക മാത്രമല്ല ചെയ്യുന്നത്, നിങ്ങളുടെ സ്വർണ്ണം പിന്നീട് വിൽക്കുമ്പോഴോ റീസൈക്കിൾ ചെയ്യുമ്പോഴോ അതിന് ന്യായമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഹാൾമാർക്ക് ചെയ്യാത്ത സ്വർണ്ണം വിൽക്കുന്നതിന് നിങ്ങൾക്ക് മുമ്പിൽ മാർഗ്ഗങ്ങളുണ്ട് എന്നിരിക്കലും, ഹാൾമാർക്ക് ചെയ്തിട്ടുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതാണ് ബുദ്ധി.