Published: 28 Oct 2021

ഭൗമേതര സ്വർണ്ണ ഖനനത്തിന്റെ ഭാവി

space

ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ഛിന്നഗ്രഹ വലയത്തിന്‍റെ ആഴത്തിൽ വലയം ചെയ്യുന്ന ഒരു ഛിന്നഗ്രഹമാണ് 16 സൈക്കി. 16 സൈക്കിയുടെ വ്യാസം ഏകദേശം 226 കിലോമീറ്റർ ആണ്. ഇതുവരെ കണ്ടെത്തിയിട്ടുള്ള മറ്റ് നിരവധി ഛിന്നഗ്രഹങ്ങള്‍ പാറകളും മഞ്ഞുകണങ്ങളും കൊണ്ട് നിര്‍മിക്കപ്പെട്ടവയാണ് എങ്കില്‍, ഇതില്‍ നിന്നു വ്യത്യസ്തമായി പൂർണ്ണമായും ലോഹങ്ങളാൽ നിർമ്മിതമാണ് 16 സൈക്കി എന്ന് കരുതപ്പെടുന്നു. 16 സൈക്കി ഒരു ആദ്യകാല ഗ്രഹത്തിന്‍റെ കാമ്പിന്‍റെ ഭാഗമാണെന്നും, നമ്മുടെ ദശലക്ഷക്കണക്കിന് വർഷത്തേക്കുള്ള ലോഹ ആവശ്യകത നിറവേറ്റാൻ പര്യാപ്തമായ ഇരുമ്പും നിക്കലും അതിൽ അടങ്ങിയിരിക്കുന്നു എന്നുമാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. അതിലും ആവേശം കൊള്ളിക്കുന്നത്, 16 സൈക്കിയിൽ വിലയേറിയ ലോഹങ്ങളുടെ ധാരാളം നിക്ഷേപങ്ങൾ ഉണ്ട് എന്നതാണ് — അതിന്‍റെ ഖര സ്വർണ്ണ കാമ്പിന് 700 ക്വിന്‍റില്യോണ്‍ല്യൺ ഡോളർ മൂല്യമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 16 സൈക്കിയുടെ ഖര ലോഹ കാമ്പിൽ ഇരുമ്പിനും നിക്കലിനും പുറമെ  വലിയ അളവില്‍ സ്വർണ്ണവും പ്ലാറ്റിനം പോലുള്ള വിലയേറിയ ലോഹങ്ങളും അടങ്ങിയിട്ടുണ്ടത്രേ. നാസ 2022-ൽ 16 സൈക്കി ഛിന്നഗ്രഹത്തിലേക്ക് ഒരു ബഹിരാകാശ പേടകത്തെ അയക്കുന്നുണ്ട്.  16 സൈക്കിയുടെ ഉപരിതലത്തിന്‍റെ ഭൂപടം ഉണ്ടാക്കുന്നതിനും. അതിന്‍റെ സവിശേഷതകൾ പഠിക്കുന്നതിനുമായി ഏകദേശം 21 മാസമാണ് ചെലവഴിക്കുക.

സ്വർണ്ണമുൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങൾ മറ്റ് നിരവധി ഛിന്നഗ്രഹങ്ങളിലും കത്തിക്കരിഞ്ഞ ധൂമകേതുക്കളിലുമുണ്ട്, ചന്ദ്രന്‍റെ കാര്യം പ്രത്യേകം പറയേണ്ടതില്ല. ബഹിരാകാശ ഖനനം സ്വർണ്ണ ഖനനത്തിന്‍റെ ഭാവിയിലേക്കുള്ള ഒരു വലിയ കുതിച്ചുചാട്ടമാണ്; ഇത് നമുക്ക് നല്‍കുന്ന നേട്ടങ്ങള്‍ പരിശോധിക്കാം:

ഛിന്നഗ്രഹ ഖനന വ്യവസായത്തിന്‍റെ വലുപ്പം

2017-ൽ, ഛിന്നഗ്രഹ ഖനന വ്യവസായത്തിന്‍റെ മൂല്യം 712 ദശലക്ഷം ഡോളർ ആയിരുന്നു. എന്നാൽ 2025 വരെയുള്ള കാലയളവില്‍ 24.4% സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ അതു വളർന്ന് ഏകദേശം 3.9 ബില്യൺ ഡോളറിൽ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.  മതിയായ അളവിൽ ലോഹങ്ങളും മറ്റു ധാതുക്കളുമുള്ള ഛിന്നഗ്രഹങ്ങളും മറ്റ് ആകാശഗോളങ്ങളും കണ്ടെത്തുന്നതും അവയിൽ ഖനനത്തിനുള്ള സംവിധാനങ്ങൾ സ്ഥാപിച്ച് ആ ലോഹങ്ങളും ധാതുക്കളും ഖനനം ചെയ്യുന്നതും ഗവേഷണത്തിനോ ഉപയോഗത്തിനോ വേണ്ടി ഭൂമിയിലേക്ക് എത്തിക്കുന്നതും ആസ്ട്രോയ്ഡ് മൈനിംഗ് അഥവാ ഛിന്നഗ്രഹ ഖനനത്തില്‍ ഉൾപ്പെടുന്നു. പൊതു മേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം ഈ മേഖലയിലുണ്ട്.  പലപ്പോഴും പങ്കാളിത്ത സ്വഭാവത്തിലാണ് ഇത്. അമേരിക്കൻ ബഹിരാകാശ ഏജൻസികളും സ്വകാര്യ കമ്പനികളുമാണ് ഇപ്പോൾ ഇക്കാര്യത്തിൽ മുൻപന്തിയിലുള്ളത്. നാസ 2022-ൽ സൈക്കി ദൗത്യം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. ആളില്ലാതെ അയക്കുന്ന സൈക്കി ബഹിരാകാശ പേടകത്തിൽ, 16 സൈക്കി ഛിന്നഗ്രഹത്തിന്‍റെ ഉപരിതല ഭൂപടം സൃഷ്ടിക്കാനും ആ ഛിന്നഗ്രഹത്തിലെ ഘടകങ്ങൾ വിശകലനം ചെയ്യാനുമുള്ള നൂതന ഉപകരണങ്ങൾ ഉണ്ടായിരിക്കും.

അമേരിക്കയ്ക്കു പുറമേ ലാറ്റിനമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുൾപ്പെടെയുള്ള ശക്തികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുസ്വകാര്യ മേഖലയില്‍ ഛിന്നഗ്രഹ ഖനന വിപണിയിലെ വിഹിതത്തിനായി മത്സരിക്കുന്ന പ്രമുഖ ബഹിരാകാശ കമ്പനികൾ ഐസ്പേസ്, ക്ലിയോസ് സ്പേസ്, ആസ്റ്ററോയ്ഡ് മൈനിംഗ് കമ്പനി, പ്ലാനറ്ററി റിസോഴസസ്, വിർജിൻ ഗാലക്റ്റിക് എന്നിവയാണ്.

space

ചാന്ദ്ര ഖനനം: അടുത്ത സ്വർണ്ണ വേട്ടയോ?

ഛിന്നഗ്രഹങ്ങളിലെ ഖനനം ഭാവിയില്‍ ലാഭകരമായേക്കാം, പക്ഷേ ഇത് ഒരു കൂട്ടം സാങ്കേതിക വെല്ലുവിളികൾ ഉയർത്തുന്നു.ഒന്ന്, ഭൂമിക്കു സമീപമുള്ള മിക്ക ഛിന്നഗ്രഹങ്ങളും യഥാര്‍ത്ഥത്തില്‍ വളരെ അകലെയാണ്, അവയെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലേക്ക് എത്തിച്ചാലേ ഖനനം സാധ്യമാകൂ, അത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും, കൂടുതൽ ആകർഷണീയമായത് ചന്ദ്രനിൽ ഖനനം നടത്തുന്നതിന്‍റെ സാധ്യതയാണ്.

ഖനനത്തെ സംബന്ധിച്ചിടത്തോളംആകർഷകമായ മൂന്ന് ഘടകങ്ങൾ ചന്ദ്രനിൽ ഉണ്ട്: ഹീലിയം-3, വെള്ളം, അപൂർവ്വമായ ഭൗമ ലോഹങ്ങൾ എന്നിവയാണത്.

എന്നിരുന്നാലും, ചന്ദ്രനിലെ ഖനനത്തില്‍ (അതുപോലെ ഛിന്നഗ്രഹങ്ങളിലെ ഖനനത്തിലും) വലിയ സാങ്കേതിക വെല്ലുവിളികളും ലോജിസ്റ്റിക് സംബന്ധമായ തടസ്സങ്ങളും അടങ്ങിയിരിക്കുന്നു. ചന്ദ്രനിൽ ഖനനം ചെയ്യാൻ, മനുഷ്യർ അവിടെ ഗണ്യമായ സംവിധാനങ്ങൾ സജ്ജീകരിക്കേണ്ടിവരും. സങ്കീർണ്ണമായ 3D പ്രിന്‍ററുകൾ, സ്വയംനിയന്ത്രിത മൈനിംഗ് റോബോട്ടുകൾ, സംസ്കരണ ഉപകരണങ്ങൾ, ചില ലൂണാര്‍ ബെയ്സുകൾ എന്നിവ ഇതില്‍ ഉൾപ്പെടുന്നു.ഈ ഉപകരണങ്ങള്‍ ചന്ദ്രനിലേക്ക് അയയ്ക്കുന്നതും അതുപോലെ ചെലവേറിയതായിരിക്കും. ചന്ദ്രൻ ഏകദേശം 4,00,000 കിലോമീറ്റർ അകലെയാണ്, ചന്ദ്രോപരിതലത്തിലേക്ക് 1 കിലോ സാധനം എത്തിക്കാൻ നിലവിൽ  പതിനയ്യായിരം ഡോളർ ചെലവ് കണക്കാക്കുന്നു. എന്നിരുന്നാലും, സ്പേസ് എക്സ് പോലുള്ള കമ്പനികൾ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകൾ വികസിപ്പിച്ചെടുക്കാൻ യത്നിക്കുകയാണ്, അത് ഈ ചെലവ് അല്‍പ്പമെങ്കിലും കുറയ്ക്കാൻ സഹായിച്ചേക്കാം.

കൂടാതെ, ചന്ദ്രനില്‍ നിന്നെടുത്ത സംസ്കരിക്കാത്ത മണ്ണും അയിരും സംസ്ക്കരണത്തിനായി ഭൂമിയിലേക്ക് തിരികെ അയയ്ക്കുന്നത് പ്രായോഗികമാകാതെ വരാം; അത്തരം പ്രോസസ്സിംഗ് ചന്ദ്രനിൽ തന്നെ നടത്തേണ്ടിവരും, പകുതി സംസ്കരിച്ചതോപൂർണ്ണമായി സംസ്കരിച്ചതോ ആയ മെറ്റീരിയല്‍ ഭൂമിയിലേക്ക് ആയക്കുന്നതിന് റോക്കറ്റുകൾ അല്ലെങ്കിൽ പ്രത്യേകമായി തയാറാക്കിയ ഡെലിവറി സംവിധാനങ്ങൾ  വേണ്ടിവരും. അത്തരമൊരു സങ്കീർണ്ണ പ്രവർത്തനം ദൂരെ ഭൂമിയില്‍ നിന്ന് പ്രവർത്തിപ്പിക്കുന്നത് അപ്രതീക്ഷിത വെല്ലുവിളികൾക്ക് ഇടയാക്കാം കൂടാതെ, ഇതുപോലുള്ള ഒരു ദൗത്യത്തിൽ നിയമപരവും ഭൗമരാഷ്ട്രീയപരവുമായ സങ്കീർണതകൾ ഉൾപ്പെടുന്നു. ചന്ദ്രനെയും ഛിന്നഗ്രഹങ്ങൾ പോലുള്ള മറ്റ് ബഹിരാകാശ ഗോളങ്ങളെയും “പൊതുവായത്” എന്ന ഗണത്തിൽ പെടുത്താമോ? അവയിലെ വിഭവങ്ങളിൽ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും തുല്യ അവകാശമുണ്ടോ?

ഒരു ബഹിരാകാശ ഏജൻസിയോ സ്വകാര്യ ബഹിരാകാശ കമ്പനിയോ ഇതുവരെ ചന്ദ്രനിൽ ഖനനം നടത്താൻ ശ്രമിച്ചിട്ടില്ലെങ്കിലും, അതിന്‍റെ സാധ്യതകളിലുള്ള താൽപ്പര്യം ഏറിവരികയാണ്. 2020 ഏപ്രിലിൽ, മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ കമ്പനികളെ ചന്ദ്രനിലും മറ്റ് ബഹിരാകാശ ഗോളങ്ങളിലും ഖനനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിടുകയുണ്ടായി. ഈ എക്സിക്യൂട്ടീവ് ഉത്തരവ് ബഹിരാകാശത്തെ വിഭവങ്ങൾ കണ്ടെടുക്കാനും ഉപയോഗിക്കാനും വാണിജ്യ പങ്കാളികളെ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും, ചാന്ദ്രനിലെ ഖനനം ഇപ്പോഴും ഗണ്യമായ സാങ്കേതിക വെല്ലുവിളികളും ലോജിസ്റ്റിക് തടസ്സങ്ങളും ഉള്ളതാണ്. ഉപകരണങ്ങളും സാമഗ്രികളും ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതും സ്വയംനിയന്ത്രിത റോബോട്ടുകളും യന്ത്രങ്ങളും ഉപയോഗിച്ച് ഖനനവും സംസ്കരണവും നടത്തുന്നതും പൂർണമായി സംസ്കരിച്ചതോ ഭാഗികമായി സംസ്കരിച്ചതോ ആയ ലോഹവും വാതകവും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നതും ശ്രമകരമാണ്.

ഛിന്നഗ്രഹ ഖനനം ആഗോള സ്വർണ്ണ വിനിമയത്തിൽ ഉളവാക്കുന്ന സ്വാധീനം

16 സൈക്കി പോലുള്ള ഛിന്നഗ്രഹങ്ങളിൽ ലഭ്യമായ വലിയ അളവിലുള്ള സ്വർണ്ണം ഖനനം ചെയ്താൽ അത് ആഗോള സ്വർണ്ണ ക്രയവിക്രിയത്തെ വലിയ അളവില്‍ മാറ്റിമറിക്കും. ഛിന്നഗ്രഹങ്ങളിൽ നിന്ന് വൻതോതിൽ സ്വർണ്ണം ഖനനം ചെയ്യുകയാണെങ്കിൽ, വിപണിയിലെ സ്വർണവില കുറയാൻ, ഒരുപക്ഷേ ഇടിയാൻ പോലും, അത് ഇടയാക്കും. വിപണിയിലെത്തുന്ന ഗണ്യമായ സ്വര്‍ണ്ണത്തിന് വേണ്ട വിധത്തില്‍ സ്വര്‍ണ്ണത്തിന്‍റെ ആവശ്യകത ഉയര്‍ത്താനായില്ലെങ്കില്‍ വില നിലവാരം താഴേക്ക് പോകും.. എന്നിരുന്നാലും, ഒരു വിഭവം എന്നനിലയിൽ സ്വർണ്ണത്തിന്‍റെ ഉപയോഗങ്ങള്‍ വര്‍ധിക്കുന്നതും ഇതിന് അനുബന്ധമായി വിതരണത്തിലുണ്ടാകുന്ന മിതമായ വര്‍ധനയും, സ്വർണ്ണത്തിന്‍റെ വില നിലവാരം നിലനിര്‍ത്തുന്നതിനോ വർധിപ്പിക്കുന്നതിനോ ഉള്ള സാധ്യതയുമുണ്ട്.

എന്തായാലും, സ്വർണ്ണത്തിനായി ഛിന്നഗ്രഹങ്ങളില്‍ വിജയകരമായി ഖനനം ചെയ്താൽ അത് ആഗോള സ്വർണ്ണ ക്രയവിക്രിയത്തെ പിടിച്ചു കുലുക്കുമെന്ന് ഉറപ്പ്. ഛിന്നഗ്രഹങ്ങളിൽ നിന്ന് സ്വർണം വിജയകരമായി ഖനനം ചെയ്യുന്ന കമ്പനികൾ അല്ലെങ്കിൽ സര്‍ക്കാരുകൾ സ്വർണ്ണത്തിന്‍റെ വിതരണത്തിൽ ആധിപത്യം സ്ഥാപിക്കുകയും അതിന്‍റെ വിലനിർണ്ണയത്തെ സാരമായി സ്വാധീനിക്കുകയും ചെയ്യും.