Published: 05 Dec 2018
ഇന്ത്യൻ വിവാഹങ്ങളിൽ സ്വർണത്തിന്റെ പ്രാധാന്യം
സ്വർണവുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ വിപണികളിൽ ഒന്നായി ഇന്ത്യൻ തുടരുന്നുണ്ടെങ്കിലും, സ്വർണ നാണയങ്ങളും ബാറുകളും വാങ്ങുന്നതിന് പകരമായി, ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങളായി സ്വർണം വാങ്ങുന്നതിനാണ് ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നത്. മറ്റ് വാക്കുകളിൽ, സ്വർണം വാങ്ങുന്നത് ഇന്ത്യൻ സംസ്ക്കാരത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമായി തുടരുന്നതിനിടയിൽ, നൂറ്റാണ്ടുകളായി ഇന്ത്യയിൽ അലങ്കാരത്തിന്റെ പ്രാഥമിക രൂപമായി സ്വർണാഭരണങ്ങൾ തുടർന്ന് വരികയാണ്.
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഓരോ പ്രധാനപ്പെട്ട അവസരങ്ങളിലും സ്വർണം വാങ്ങുന്നത് നമ്മളെല്ലാം നിരീക്ഷിച്ചിട്ടുള്ള സംഗതിയാണ്. ജനനം മുതൽ മരണം വരെയുള്ള ആചാരങ്ങളിലും ചടങ്ങുകളിലും സ്വർണം ഒരു പ്രധാന ഘടകമാണ്, ഏറ്റവും വലിയ ഉദാഹരണം വിവാഹവേള തന്നെയാണ്.
ലോകമെമ്പാടുമുള്ള പല സംസ്ക്കാരങ്ങളും സ്വർണം പ്രതിനിധീകരിക്കുന്നത് സൂര്യനെ ആണെന്ന് വിശ്വസിക്കുന്നു. ഇന്ത്യയിൽ, സ്വർണം ശുഭകരമായും വിശുദ്ധമായും പരിഗണിക്കപ്പെടുന്നു. അതുകൊണ്ടാണ്, വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളിലും ചടങ്ങുകളിലും, ഭൗതികമായും പ്രതീകാത്മകമായും, സ്വർണം ഒരു പ്രധാനപ്പെട്ട ഭാഗമാകുന്നത്.
വിവാഹങ്ങളിൽ സ്വർണത്തിന്റെ പ്രതീകാത്മക പ്രസക്തിയെ കുറിച്ച് നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം
വിവാഹ വേളയിൽ ഇന്ത്യൻ വധു അണിയുന്ന ആഭരണങ്ങളിലെ സ്വർണത്തിന്റെ പ്രാധാന്യത്തെ കുറിച്ച്, ഇന്ത്യൻ രചയിതാവും മിത്തോളജിസ്റ്റുമായ ദേവദത്ത് പട്നായിക്ക് വിശദീകരിക്കുന്നു. ഇന്ത്യൻ വിവാഹവുമായി ബന്ധപ്പെട്ട് സോളാ ശൃംഗാർ എന്നൊരു ആശയമുണ്ട്. വിവാഹം ശുഭകരമാക്കുന്നതിന്, വധു പതിനാറ് തരം സ്വർണാഭരണങ്ങൾ അണിയേണ്ടതുണ്ടെന്നാണ് ഈ ആശയം പറയുന്നത്. എല്ലാത്തിലും വച്ച് ഏറ്റവും പ്രധാനപ്പെട്ട ആഭരണം മംഗളസൂത്ര (മാംഗല്യസൂത്രം) തന്നെ. താൻ വിവാഹിതയാണെന്ന് ലോകത്തെ അറിയിക്കുന്നതാണ് വിവാഹിത അണിയുന്ന മാംഗല്യസൂത്രം. സ്വർണത്തിലുള്ള പതക്കമോ സ്വർണം കൊണ്ടുണ്ടാക്കിയ ചെറിയ കപ്പുകളുടെ ആകൃതികളോ ആണിത്. ഒരു നൂലിൽ കോർത്ത് ഇത് കഴുത്തിൽ അണിയുന്നു. വധൂവരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും പുഷ്ടിയും പരിപോഷണവുമാണ് ഈ കപ്പുകൾ സൂചിപ്പിക്കുന്നത്. വധൂവരന്മാരുമായി ബന്ധപ്പെട്ട്, വിവാഹത്തിന്റെ പരസ്പര ലക്ഷ്യമായാണ് പുഷ്ടിയും പരിപോഷണവും പരിഗണിക്കപ്പെടുന്നത്. വധൂവരന്മാർക്ക് ഇത് സമ്മാനമായി നൽകുന്നത് അവരുടെ തന്നെ കുടുംബങ്ങളാണ്. സമൃദ്ധിയോടെയും ശക്തിയോടെയും അവരുടെ വിവാഹം അനുഗ്രഹിക്കപ്പെടട്ടെ എന്ന ആശംസയാണിതിൽ ഉൾക്കൊള്ളുന്നത്. സ്വർണത്തെ പോലെത്തന്നെ അവരുടെ വിവാഹബന്ധം ശുദ്ധമായും എല്ലാത്തിനെയും അതിജീവിക്കുന്നതായും നിലനിൽക്കട്ടെ എന്ന ആശയവും ഇതിലുണ്ട്.
പുതിയൊരു തുടക്കത്തിനുള്ള ശുഭസൂചകമായും ഭാവിയിലേക്കുള്ളൊരു സ്വത്തായും പൊതുവെ വധൂവരന്മാർക്ക് സ്വർണസമ്മാനം നൽകപ്പെടുന്നു.
സ്വർണത്തിന്റെ ശുഭദായകത്വം കാരണം, ഒരുപാട് വിവാഹ ചടങ്ങുകളിൽ സ്വർണം നിർബന്ധമായും അണിയേണ്ട ഒന്നായി പരിഗണിക്കപ്പെടുന്നു
ഇനി പ്രായോഗിക വീക്ഷണ കോണിലൂടെ സ്വർണത്തെ നോക്കിക്കാണുകയാണെങ്കിൽ, കറൻസിയെ പോലെത്തന്നെ എളുപ്പത്തിൽ പണമാക്കി മാറ്റാവുന്ന ഒന്നാണ് സ്വർണമെന്ന് കാണാം. ഫലമായി, സ്വർണം വാങ്ങുന്നത് ഒരു സുരക്ഷിത നിക്ഷേപമായി പരിഗണിക്കപ്പെടുന്നു, കാരണം സ്വർണം വാങ്ങുക എന്നതിന്റെ അർത്ഥം ഭാവിക്കായി സ്വർണം സ്വരൂപിക്കലാണ്. ഇതൊക്കെ തന്നെയാണ് ഇന്ത്യൻ സംസ്ക്കാരത്തിൽ സ്വർണത്തിന് ഇത്രം പ്രാധാന്യം ലഭിക്കുന്നതിന് കാരണം. ജീവിതത്തിന്റെ ഓരോ സുപ്രധാന ഘട്ടങ്ങളിലും സ്വർണത്തിന്റെ സാന്നിധ്യം കാണാം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിവാഹം തന്നെ. ഈ സമയത്താണല്ലോ ഏറ്റവുമധികം സ്വർണം വാങ്ങുന്നത്.