Published: 27 Sep 2017
അംബേദ്കറും ഗോൾഡ് സ്റ്റാൻഡേർഡും
ഏകദേശം നൂറുവർഷം മുമ്പ്, ജൂലൈയിലെ ഒരു വേനൽക്കാലത്ത് ചെറുപ്പക്കാരനായ ഒരു ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ ന്യൂയോർക്കിലെത്തി. അദ്ദേഹത്തിന്റെ പേര് ബാബാസാഹേബ് രാംജി അംബേദ്കർ എന്നായിരുന്നു.
ഇന്ത്യൻ ഭരണഘടനയുടെ പിതാവും ദളിതുകളുടെ നേതാവുമായ ബി.ആർ. അംബേദ്കർ, ഗോൾഡ് സ്റ്റാൻഡേർഡിന്റെ ഒരു പ്രശസ്തനായ വക്താവായിരുന്നു. ബ്രിട്ടീഷ് സാമ്പത്തികവിദഗ്ധനായ ജോൺ മെയ്നാർഡ് കീനെസിന്റെ അഭിപ്രായത്തിൽ, 'ഗോൾഡ് എക്സ്ചേഞ്ച് സ്റ്റാൻഡേർഡ്' ആണ് ഇന്ത്യ പിന്തുടരേണ്ടത് 'ഗോൾഡ് സ്റ്റാൻഡേർഡ്' അല്ല എന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ സൂക്ഷ്മ സമ്പദ്വ്യവസ്ഥയുടെ തത്വവും പ്രയോഗവും സർക്കാരുകളുടെ സാമ്പത്തിക നയങ്ങളും വിപ്ലവകരമായി മാറ്റിമറിച്ച ജോണിന്റെ വാദത്തിന് എതിർവശത്തായാണ് അംബേദ്കർ നിലയുറപ്പിച്ചത്.
ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ഡോക്ടറേറ്റ് എടുക്കുന്നതിന് അംബേദ്കർ സമർപ്പിച്ച പ്രബന്ധം, പിന്നീട് 1923-ൽ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ രൂപ എങ്ങനെ നിയന്ത്രിക്കപ്പെടണം എന്നാണ് പ്രബന്ധം കൈകാര്യം ചെയ്ത വിഷയം. അക്കാലത്ത് രൂപയ്ക്ക് നേരിടേണ്ടി വന്ന മൂല്യത്തകർച്ച കാരണം ഇന്ത്യൻ സർക്കാർ പെടാപ്പാട് പെടുകയായിരുന്നു. 'സിൽവർ സ്റ്റാൻഡേർഡു'മായി ബന്ധപ്പെടുത്തിയാണ് രൂപയുടെ മൂല്യം കണക്കാക്കിയിരുന്നത്. ഈ സമയത്ത് തന്നെയാണ് വിപുലമായ തോതിൽ സ്റ്റാൻഡേർഡുകളെ കുറിച്ചുള്ള സംവാദങ്ങൾ അറങ്ങേറുന്നത്. ഒരു കൂട്ടർ 'ഗോൾഡ് സ്റ്റാൻഡേർഡി'ന് വേണ്ടി വാദിച്ചപ്പോൾ മറുപക്ഷം 'ഗോൾഡ് എക്സ്ചേഞ്ച് സ്റ്റാൻഡേർഡി'ന് വേണ്ടി വാദിച്ചു.
വിനിമയ വസ്തുക്കളെന്ന നിലയിൽ സ്വർണ്ണവും വെള്ളിയും നിരോധിക്കാൻ കൊളോണിയൽ ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ശ്രമങ്ങളെയും കാലക്രമത്തിൽ ഇന്ത്യൻ കറൻസി പരിണമിച്ചുണ്ടായതുമെല്ലാം ആ പ്രബന്ധത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യ പിന്തുടരേണ്ടത് 'ഗോൾഡ് സ്റ്റാൻഡേർഡ്' ആണെന്നായിരുന്നു അംബേദ്കറിന്റെ വാദം.
വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമായ ഇന്ത്യയ്ക്ക് 'ഗോൾഡ് എക്സ്ചേഞ്ച് സ്റ്റാൻഡേർഡ്' പിന്തുടരാനുള്ള പാങ്ങ് ഇല്ലെന്നായിരുന്നു അംബേദ്കറിന്റെ വാദം. ഈ സ്റ്റാൻഡേർഡ് പിന്തുടർന്നാൽ പണ പ്പെരുപ്പവും വിലക്കയറ്റവും ഉണ്ടാകുമെന്നും അദ്ദേഹം വാദിച്ചു. ഇക്കാരണത്താൽ, ഇന്ത്യ ശ്രദ്ധ നൽകേണ്ടത് 'ഗോൾഡ് എക്സ്ചേഞ്ച് നിരക്കി'ന്റെ സ്ഥിരതയിലല്ല, പകരം വില സ്ഥിരതയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ പുസ്തകമാണ് - ദ പ്രോബ്ലം ഓഫ് ദ റുപീ - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്ന ആശയത്തിന് വിത്ത് പാകിയതും അത്തരമൊരു സ്ഥാപനം ഉണ്ടാക്കിയെടുത്തതും.