Published: 20 Feb 2018
ഒളിമ്പിക് സ്വർണ്ണം നേടാൻ ഭയത്തെ കീഴ്പ്പെടുത്തണം
റിയോയിൽ വച്ച്, 2016-ൽ നടന്ന ഒളിമ്പിക്സിൽ, ലോകമെമ്പാടും നിന്നുള്ള ഏതാണ്ട് 8,0000-ഓളം ആരാധകരുടെ മുന്നിൽ വച്ച്, ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡൽ ജേതാവായ ഷൂട്ടർ അഭിനവ് ഭിന്ദ്ര ആവേശത്തോടെ ഇന്ത്യൻ പതാക വീശി. മാരക്കാന സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ കാണികൾ ആവേശത്തോടെ ആർപ്പ് വിളിച്ചു. അഭിനവിന് ഇതിലുമപ്പുറവും ചെയ്യാനാകുമെന്ന് പലരും കരുതി.
വാർത്താമാധ്യമങ്ങളിലെ കായിക വാർത്തകളിൽ ഭൂരിഭാഗവും നീക്കിവയ്ക്കപ്പെടുന്നത് ക്രിക്കറ്റിനും ഫുട്ബോളിന്റെ ആഗമനത്തിനും ഗുസ്തിക്കാരുടെ ഗ്രാമങ്ങൾക്കും ബോക്സിംഗ് നഗരങ്ങൾക്കുമാണ്. അതിനിടയിൽ അഭിനവ് ബിന്ദ്രയുടെ ഈ വലിയ നേട്ടം മറന്നുപോകുന്നതിനാണ് സാധ്യത. ഷൂട്ടിംഗിന് നമ്മളാരും വലിയ പ്രാധാന്യം നൽകാത്തതാണ് ഒരു കാരണം. മറ്റൊന്ന് സ്വകാര്യമായ ജീവിതം നയിക്കുന്ന അഭിനവിന്റെ സ്വഭാവമാണ്. പണ്ട് അഭിനവ് ഇങ്ങനെ പറഞ്ഞിട്ടുണ്ട്, "എനിക്ക് വലിയ പ്രതിഭയൊന്നും ഇല്ല, എന്നാൽ ഞാൻ പതിവായും ശ്രദ്ധയോടെയും ആത്മാർത്ഥമായും പരിശീലിക്കുന്നുണ്ട്."
സത്യത്തിൽ അഭിനവ് ഒരു പ്രതിഭയാണ്. പതിനെട്ടാം വയസ്സിലാണ് അഭിനവ് അർജ്ജുന അവാർഡ് സ്വന്തമാക്കുന്നത്. പത്തൊമ്പതാമത്തെ വയസ്സിൽ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്താകരവും ഈ ചെറുപ്പക്കാരൻ നേടി. എന്നാൽ ബീജിംഗ് ഒളിമ്പിക്സിലാണ് അഭിനവ് ശരിക്കും വാർത്തകളിൽ നിറയുന്നത്. 10 എം എയർ റൈഫിൾ മത്സരത്തിൽ, ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടുന്ന ഇന്ത്യക്കാരനായി അഭിനവ് മാറി. സത്യത്തിൽ, ഇത് ഇന്ത്യയുടെ രണ്ടാമത്തെ ഒളിമ്പിക്സ് സ്വർണ്ണമാണ്. 10980-ൽ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സ്വർണ്ണ മെഡൽ നേടിയിരുന്നു. എന്നാൽ അഭിനവിന്റേതാകട്ടെ ആദ്യത്തെ വ്യക്തിഗത സ്വർണ്ണ മെഡലാണ്! ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറലും മുൻ ഷൂട്ടറുമായ രൺധീർ സിംഗ് ആ സമയത്ത് ഇങ്ങനെ പറയുകയുണ്ടായി, "ഞാനെന്റെ ജീവിതത്തിൽ ഇത്രയും പ്രാർത്ഥിച്ചിട്ടുണ്ടാകില്ല. രണ്ടാമത്തെ അവസാനത്തെ ഷോട്ടിൽ അവർ സമനിലയായി, എന്നാൽ അഭിനവ് 10.8 എടുത്ത് വിജയിയായി. ഇതിലും നന്നായി ആർക്കും ചെയ്യാനാകില്ല."
അഭിനവിന്റെ സ്വർണ്ണ മെഡൽ ഇന്ത്യയിൽ പല ചർച്ചകൾക്കും വഴി മരുന്നിട്ടു. എന്തുകൊണ്ടാണ് ഇന്ത്യയിൽ അഭിനവിനെപ്പോലുള്ള മറ്റ് ഒളിമ്പിക്സ് ജേതാക്കൾ ഇല്ലാത്തത്? ഈ ചോദ്യം എങ്ങും അലയടിച്ചു.
സ്വപ്ന സാക്ഷാൽക്കരണത്തിന് അഭിനവ് പരീക്ഷിക്കാത്ത രീതികളില്ല. തന്റെ ഭയം മറികടക്കുന്നതിന് 40 അടി ഉയരമുള്ള ഒരു 'പിസ പോളി'ൽ കയറാനും അഭിനവ് മടിച്ചില്ല. 'മൈ ഒളിമ്പിക് ജേർണി' എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ച് അഭിനവ് എഴുതുന്നുണ്ട്. മാധ്യമ പ്രവർത്തകരായ ദിഗ്വിജയ് സിംഗും അമിത് ബോസുമാണ് ഈ പുസ്തകം രചിക്കാൻ അഭിനവിനോടൊപ്പം സഹകരിച്ചത്. "ഭയമൊന്നുമില്ലാത്ത ആശ്വാസകരമായ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ തീരുമാനിച്ചു. എങ്ങനെയാണ് പിസ പോളിൽ കയറാൻ തീരുമാനമെടുക്കുന്നത്. ജർമൻ സ്പെഷ്യൽ ഫോ ഴ്സസും ഇതിൽ കയറാറുണ്ട്. 40 അടി ഉയരമുള്ള പോളാണിത്. കയറുന്തോറും ഇത് ചെറുതായി വരും. ഏറ്റവും മുകളിലെ പ്ലാറ്റ്ഫോം ഒരു പിസാ ബോക്സിനെ പോലെയായിരിക്കും," അഭിനവ് എഴുതുന്നു.
"ഞാൻ കയറാൻ തുടങ്ങി, എന്നാൽ പകുതി എത്തിയപ്പോൾ തുടർന്ന് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഞാൻ കരുതി. പിസ പോൾ ഈ ഭയം ഉണ്ടാക്കുന്നതിനും അതിനെ മറി കടക്കുന്നതിനും ഉള്ളതാണ്. എനിക്ക് ഭയത്തെ കീഴ്പ്പെടുത്തിയേ മതിയാകൂ. ഒളിമ്പിക് ഫൈനൽ സമയത്ത് എന്നെ ഒരിക്കലും ഭയം കീഴ്പ്പെടുത്താൻ പാടില്ല. ഞാൻ മുന്നോട്ട് തന്നെ പോയി. അവസാനം വിറച്ചുകൊണ്ട് ഞാനതിന്റെ മുകളിൽ നിന്നു. എന്തായാലും പിസാ പോൾ ഒരു ഗംഭീര അനുഭവമായിരുന്നു. എനിക്കെന്റെ വൈദഗ്ധ്യവും ക്ഷമതയും പരമാവധിയാക്കാൻ കഴിഞ്ഞു. ഒളിമ്പിക് ചാമ്പ്യനാകാൻ അത് ആവശ്യവുമായിരുന്നു," എല്ലാവർക്കും പ്രചോദനം പകർന്നുകൊണ്ട് അഭിനവ് എഴുതുന്നു.