Published: 04 Oct 2017

ബുദ്ധമതത്തിൽ സ്വർണ്ണം

Golden Stupa

ബുദ്ധമതത്തിൽ ഒരു നിറമെന്ന നിലയിലും ലോഹമെന്ന നിലയിലും സ്വർണ്ണത്തിനുള്ള പ്രധാന്യം മനസ്സിലാക്കുന്നതിന് വലിയ ഗവേഷണമൊന്നും ചെയ്യേണ്ടതില്ല, ബുദ്ധമത വിഗ്രഹങ്ങൾ കണ്ടാൽ മാത്രം മതി.

സ്വർണ്ണമെന്നാൽ ബുദ്ധമതക്കാർ എന്താണ് അർത്ഥമാക്കുന്നത്?

ബുദ്ധമതത്തിൽ സ്വർണ്ണം പ്രതിനിധീകരിക്കുന്നത് സൂര്യനെയും അഗ്നിയെയുമാണ്. അതിനാൽ, സ്വർണ്ണത്തിനൊപ്പം മറ്റ് ലോഹങ്ങൾ ചേർക്കുന്നത് സ്വർണ്ണത്തിന്റെ സ്വാഭാവിക ശോഭ കെടുത്തുമെന്ന് ബുദ്ധമത അനുയായികൾ വിശ്വസിക്കുന്നു. അതിനാൽ, ബുദ്ധമത സുകുമാരകലകളിൽ ശുദ്ധരൂപത്തിലുള്ള സ്വർണ്ണമാണ് ഉപയോഗിക്കുന്നത്.

സ്വർണ്ണവും ബുദ്ധമത വിഗ്രഹങ്ങളും

സ്വർണ്ണത്തിന്റെ നിറം എല്ലായ്പ്പോഴും ബുദ്ധമത മിസ്റ്റിസിസത്തിന്റെ ഒരു ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്, അതുകൊണ്ടാണ് ടിബറ്റൻ മേഖലകളിൽ നിർമ്മിക്കുന്നപ്പെടുന്ന ഭൂരിഭാഗം വിഗ്രഹങ്ങൾക്കും ശുദ്ധ സ്വർണ്ണത്തിന്റെ തിളക്കമുള്ളത്. തായ്ലന്റിലെ വാറ്റ് ട്രൈമിറ്റിലെ സ്വർണ്ണ ബുദ്ധ പ്രതിമ പോലുഌഅ ചില പ്രതികളാവട്ടെ, പൂർണ്ണമായും സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

സ്വർണ്ണവും അഷ്ടമംഗളയും

അഷ്ടമംഗള എന്ന് പറയുന്നത് ശുഭകരമായ എട്ട് വസ്തുക്കളുടെ ശേഖരമാണ്, ടിബറ്റൻ ബുദ്ധമത സംസ്കാരത്തിന്റെ ഏറ്റവും പുരാതനവും ഏറ്റവും പ്രശസ്തവുമായ പ്രതീകമാണ് അഷ്ടമംഗള. ശുഭകരവും വിശുദ്ധവും എന്ന് കരുതപ്പെടുന്ന, കറ്റ എന്ന് വിളിക്കപ്പെടുന്ന വസ്ത്രത്തിലാണ് അഷ്ടമംഗള പ്രതീകങ്ങൾ വയ്ക്കുന്നത്, പരമ്പരാഗത ചടങ്ങുകൾക്കും സവിശേഷ അവസരങ്ങൾക്കും അഷ്ടമംഗള പ്രതീകങ്ങൾ ഇങ്ങനെ വയ്ക്കുന്നു. ഈ എട്ട് പ്രതീകങ്ങളിൽ മൂന്നെണ്ണം സ്വർണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

  • സ്വർണ്ണ മത്സ്യ ജോടി: ലംബമായോ നേരിയ തോതിൽ ക്രോസ്സായോ പരസ്പരം അഭിമുഖീകരിക്കുന്ന തരത്തിൽ സമാന്തരമായി രണ്ട് മത്സ്യങ്ങളെ, പൊതുവെ കാർപ്പ് മത്യ്സങ്ങളെ ചിത്രീകരിക്കുന്നു. ഇന്ത്യയിലെ രണ്ട് വിശുദ്ധ നദികളായ ഗംഗയെയും യമുനയെയുമാണ് ഈ രണ്ട് മത്സ്യങ്ങൾ സൂചിപ്പിക്കുന്നത്. എല്ലാ തടസ്സങ്ങളെയും കറികടക്കുന്നതിന്റെയും പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ നിർഭയത്വത്തെ കൈവരിക്കുന്നതിന്റെയും വ്യംഗാർത്ഥത്തെയാണ് ഈ മത്സ്യ ജോടി വ്യാഖ്യാനിക്കുന്നത്.
  • സ്വർണ്ണത്താമര: ശരീരത്തിന്റെയും സംസാരത്തിന്റെയും പ്രാചീന സൗന്ദര്യം, അവ്യക്തമായ ആഗ്രഹ ജലത്തിന് മുകളിൽ പൊന്തിക്കിടക്കുന്ന മനസ്സ് എന്നിവയെയാണ് താമരപ്പൂ സൂചിപ്പിക്കുന്നത്. താമരപ്പൂവിന്റെ പ്രതിച്ഛായ ഇവിടെ അർത്ഥമാക്കുന്നത്, ജ്ഞാനോദയവും സൗന്ദര്യവും വ്യക്തതയും കൈവരിക്കുന്നതിന്, സഹനത്തിന്റെ മുകളിലേക്ക് ഉയരുന്നതിന്റെ സാദൃശ്യമാണ്.
  • സ്വർണ്ണ ധർമ്മചക്രം: പലപ്പോഴും ബുദ്ധ ഭഗവാനെ പ്രതിനിധീകരിക്കുന്നതാണ് ധർമ്മചക്രം, ബുദ്ധമതത്തിന്റെ ആഗോള അടയാളമാണിത്. ധർമ്മചക്രത്തിന്റെ ആരക്കാലുകൾ പ്രതിനിധീകരിക്കുന്നത് ബുദ്ധന്റെ ജ്ഞാനോദയത്തിലേക്കുള്ള അഷ്ട വിശിഷ്ട പാതയെയാണ്. ഇതൊരു മധ്യമ മാർഗ്ഗമാണ്. അമിതമായ ലൗകികതയും ജീവിതവൈരാഗ്യവും ഇല്ലാത്തൊരു മധ്യമ മാർഗ്ഗം.

സ്വർണ്ണവും സംഗീതവും

ഏഴ് ലോഹങ്ങളുടെ സങ്കരം കൊണ്ടാണ് ടിബറ്റൻ സിംഗിംഗ് ബൗൾ നിർമ്മിച്ചിരിക്കുന്നത്, ഇവയിലോരോന്നും ഒരു ആകാശഗോളത്തെ സൂചിപ്പിക്കുന്നു. ഏഴ് ലോഹങ്ങളിലൊന്ന് സ്വർണ്ണമാണ്, സ്വർണ്ണം പ്രതിനിധീകരിക്കുന്നത് സൂര്യനെയാണ്. സങ്കരലോഹത്തിന്റെ ഘടകഭാഗങ്ങളുടെ അനുപാതം, ലോഹത്തിന്റെ ആകൃതി, കനം എന്നിവയെ അടിസ്ഥാനമാക്കി മണിയുടെ സ്വരം വ്യത്യാസപ്പെടും. ചടങ്ങുകൾക്ക് ഈ മണി ഉപയോഗിക്കുന്നു, ധ്യാന സമയത്ത് ഏകാഗ്രത കൂട്ടുന്നതിന് ഈ മണിയുടെ പ്രകമ്പനം സഹായിക്കുന്നു.

സ്വർണ്ണ നിറമെന്നാൽ ബുദ്ധമതക്കാർ എന്താണ് അർത്ഥമാക്കുന്നത്?

ബുദ്ധമത പാരമ്പര്യത്തിൽ സ്വർണ്ണത്തിന്റെ നിറത്തിന് പ്രാധാന്യമുണ്ട്. ചിരിക്കുന്ന ബുദ്ധ പ്രതിമകൾ പ്രതിനിധീകരിക്കുന്നത് സന്തോഷത്തെയും നല്ല ആരോഗ്യത്തെയുമാണ്, മിക്കപ്പോഴും സ്വർണ്ണ നിറത്തിലുള്ള പെയിന്റാണ് ഇത്തരം പ്രതിമകൾക്ക് അടിക്കുന്നത്. സ്വർണ്ണ നിറത്തിലുള്ളതോ മഞ്ഞ നിറത്തിലുള്ളതോ ആയ ഇലകളുള്ള, നീണ്ടതും എന്നാൽ കനം കുറഞ്ഞതുമായ സാലവൃക്ഷങ്ങളുടെ തോട്ടത്തിൽ, മരണക്കിടക്കയിൽ കിടക്കുന്ന ശ്രീബുദ്ധനെ ജപ്പാനിൽ ചിത്രീകരിച്ച് കാണാറുണ്ട്. കോട്ടണിലോ പട്ടുകസവിലോ വരയ്ക്കുന്ന ടിബറ്റൻ പെയിന്റിംഗുകളാണ് ബുദ്ധിസ്റ്റ് തങ്ക; ഏതെങ്കിലും ബുദ്ധമത ദേവതയെയോ ബുദ്ധമത ഐതിഹ്യ രംഗത്തെയോ ആണ് ഇത്തരം ചിത്രങ്ങളിൽ ചിത്രീകരിക്കുക. കറുത്ത പശ്ചാത്തലത്തിൽ സ്വർണ്ണ വരകളാണ് ഈ പെയിന്റിംഗുകളുടെ സവിശേഷത.

ബുദ്ധമതത്തിൽ സ്വർണ്ണത്തെ ബന്ധപ്പെടുത്തുന്നത് സൂര്യനുമായിട്ടാണ് എന്നതിനാൽ, സ്വർണ്ണം പ്രതിനിധീകരിക്കുന്നത് വിജ്ഞാനം, ജ്ഞാനോദയം, ശുദ്ധത, സന്തോഷം, സ്വാതന്ത്ര്യം എന്നിവയെയാണ്. ലോകത്തിലെ പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ ലോഹം, നമ്മുടെ നിത്യജീവിതത്തിൽ എത്ര സ്വാധീനം ചെലുത്തുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ബുദ്ധമതത്തിൽ സ്വർണ്ണത്തിന് ലഭിച്ചിരിക്കുന്ന പ്രാധാന്യം.

Sources:
Source1, Source2, Source3, Source4, Source5, Source6, Source7, Source8