Published: 27 Sep 2017
സ്വർണ്ണത്തിന് സ്വാദില്ല: എന്നിട്ടും നമ്മൾ എന്തിനാണത് ഭക്ഷിക്കുന്നത്?
ഭക്ഷണത്തിൽ സ്വർണ്ണം വിതറിയിടുന്നതും പാനീയങ്ങളിൽ സ്വർണ്ണം ലയിപ്പിക്കുന്നതും നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. സമ്പന്നർക്ക് മാത്രം രുചിക്കാവുന്ന ഇത്തരം ഭക്ഷണ-പാനീയങ്ങൾക്ക് പതിനാറാം നൂറ്റാണ്ട് വരെ പഴക്കമുണ്ടെന്ന് ചരിത്ര രേഖകൾ കാണിക്കുന്നു. ആധുനിക യുഗത്തിൽ, സ്വർണ്ണം കൊണ്ട് ആവരണം ചെയ്തിട്ടുള്ള ഡുനട്ടുകളും, സ്വർണ്ണ ഫോയിൽ ഉള്ള പിസകളും സ്വർണ്ണ പാളികൾ കൊണ്ട് ആവരണം ചെയ്തിട്ടുള്ള ബർഗറുകളും ലഭ്യമാണ്. എന്നിരുന്നാലും, നാവുകളിൽ സ്വർണ്ണം ഒരു രുചിമുകുളവും ഉത്തേജിപ്പിക്കുന്നില്ല. അതിനാൽ തന്നെ നമുക്കത് രുചിക്കാനാവില്ല. നമ്മുടെ കുടലുകൾക്ക് സ്വർണ്ണം ദഹിപ്പിക്കാനും കഴിയില്ല. അപ്പോൾ, വലിയൊരു ചോദ്യം അവശേഷിക്കുന്നു - നമ്മൾ എന്തിനാണ് ഭക്ഷണപദാർത്ഥങ്ങളിൽ സ്വർണ്ണം ചേർക്കുന്നത്?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിന് മുമ്പായി, എന്ത് തരത്തിലുള്ള സ്വർണ്ണമാണ് ഭക്ഷണത്തിൽ ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാം. കാരണം, സ്വർണ്ണം ചേർത്തിട്ടുള്ള ഭക്ഷണം കഴിക്കാൻ ചിലപ്പോൾ നിങ്ങൾക്കും ഒരവസരം ലഭിച്ചേക്കും. ഭക്ഷണത്തിൽ ഉപയോഗിക്കുന്ന സ്വർണ്ണം തികച്ചും 100 ശതമാനം ശുദ്ധമായിരിക്കണം, അതായത് 24 കാരറ്റ് സ്വർണ്ണമായിരിക്കണം. ശുദ്ധമല്ലാത്ത സ്വർണ്ണത്തിൽ വെള്ളിയോ ഓടോ ചെമ്പോ ടിന്നോ പോലുള്ള മറ്റ് ലോഹങ്ങൾ ചേർത്തിരിക്കും. ശുദ്ധമല്ലാത്ത സ്വർണ്ണം കഴിക്കുന്നത് അപകടകരമാണ്. കാരണം സ്വർണ്ണത്തിനൊപ്പം ചേർക്കുന്ന ലോഹങ്ങൾ വിഷകരമായേക്കാം.
ഇനി, സ്വർണ്ണമെന്തിനാണ് ഭക്ഷണത്തിൽ ചേർക്കുന്നതെന്ന് കാണാം. പല പ്രശസ്ത ഹോട്ടലുകളും ഭക്ഷണപദാർത്ഥങ്ങളിൽ സ്വർണ്ണം ചേർക്കുന്നത്, ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കാനല്ല. പകരം സ്വർണ്ണത്തിന്റെ ചികിത്സാപരമായ കഴിവുകളെ മുൻനിർത്തിയാണ്. ഇതിന് പുറമെ, തങ്ങളുടെ ഹോട്ടൽ അതിപ്രശസ്തമാണെന്ന് കാണിച്ച് സമ്പന്നരെ ആകർഷിക്കാനുള്ള ഒരു മാർക്കറ്റിംഗ് തന്ത്രം കൂടിയാണിത്. മനുഷ്യർ എല്ലാക്കാലത്തും സ്വർണ്ണത്തെ പ്രണയിച്ചിരുന്നു. സമ്പന്നതയും സമൃദ്ധിയുമാണ് സ്വർണ്ണം സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ, ഭക്ഷണപദാർത്ഥങ്ങളിൽ സ്വർണ്ണം ചേർക്കുമ്പോൾ, അതിന്റെ മഹിമ നമ്മെ മോഹിപ്പിക്കുന്നു. സ്വർണ്ണത്തിന്റെ ഈ ആകർഷണീയതയാണ്, ഭക്ഷണപദാർത്ഥങ്ങളിൽ സ്വർണ്ണം ചേർത്ത് ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രശസ്ത ഹോട്ടലുകൾ ഉപയോഗിക്കുന്നത്.