Published: 12 Sep 2017
ചുമരുകളിലെ സ്വർണ്ണചിത്രങ്ങൾ
നയനാന്ദകരമായ ചുമരുകൾ വീടിന്റെ മോടി വർദ്ധിപ്പിക്കുന്നു. അതിനാലാണ് ശൂന്യമായ ചുമരുകൾക്കു പകരം അവയെ ചിത്രങ്ങൾകൊണ്ട് അലങ്കരിക്കുന്നത്. പുരാണേതിഹാസങ്ങളിൽ നിന്നും മറ്റുമുള്ള രംഗങ്ങളെയും കഥാപാത്രങ്ങളെയും ആലേഖനം ചെയ്ത ചിത്രങ്ങൾ ഇന്ത്യയിലെ പരമ്പരാഗത വീടുകളുടെ ചുമരുകളിൽ മാത്രമല്ല ആധുനികഗൃഹങ്ങളിലും ഓഫീസുകളിലും ദർശിക്കാനാകും.
പഴയകാല ചിത്രരചനകൾ ഇന്ത്യയിലെ കലാകാരൻമാരുടെ സങ്കീർണ്ണമായ കരകൗശലവൈദഗ്ധ്യവും ധിഷണയും എടുത്തുകാട്ടുന്നവയാണ്. അക്കാലത്തെ ജനങ്ങളുടെ അഭിരുചിയ്ക്കനുസരിച്ച് ദൈവങ്ങൾ, ദേവതമാർ, പുരാണങ്ങളിലെ രംഗങ്ങൾ, വൃക്ഷലതാദികൾ തുടങ്ങിയവയായിരുന്നു ചിത്രങ്ങളുടെ പ്രതിപാദ്യവിഷയങ്ങൾ. എന്നാൽ രാജാക്കൻമാരും രാജകുടുംബങ്ങളും പ്രഭുക്കളും തികച്ചും അതുല്യവും വിശിഷ്ടവുമായവയാണ് എന്നും ആവശ്യപ്പെട്ടിരുന്നത്. അങ്ങനെയാണ്, ഇന്ത്യാക്കാരുടെ സ്വർണ്ണത്തോടുള്ള പ്രിയം കണക്കിലെടുത്ത് കലാകാരൻമാർ അവരുടെ അമൂല്യസൃഷ്ടികൾ പൂർണ്ണമായോ ഭാഗികമായോ സ്വർണ്ണത്തിൽ തീർക്കാൻ തുടങ്ങിയത്.
സ്വർണ്ണത്തിൽ രചിച്ച തഞ്ചാവൂർ ചിത്രങ്ങളാണ് ഏറ്റവും ജനപ്രീതി നേടിയവ. ഇന്ത്യക്കാർക്ക് സ്വർണ്ണത്തോടുള്ള പ്രണയം സൂചിപ്പിക്കുന്ന ചില കലാരചനകളെ നമുക്ക് പരിചയപ്പെടാം:
മൈസൂർ ചിത്രങ്ങൾ: ഈ ചിത്രങ്ങൾ പിറവികൊണ്ടത് കലകളെ ഏറെ പ്രോത്സാഹിപ്പിച്ച വിജയനഗര രാജവംശത്തിന്റെ കാലത്താണ്. വളരെ കനംകുറഞ്ഞ സ്വർണ്ണപാളികൾ ഉപയോഗിച്ചാണ് മൈസൂർ ചിത്രങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. കൂടുതലും ദൈവങ്ങളുടെ ചിത്രങ്ങളും പുരാണേതിഹാസങ്ങളിലെ രംഗങ്ങളുമാണ് രചനാവിഷയങ്ങൾ. മൈസൂർ ചിത്രങ്ങളുടെ അഴകും സൗകുമാര്യവും സങ്കീർണ്ണതയും ആരെയും അമ്പരപ്പിക്കുന്നതാണ്.
രജപുത്ര ചിത്രങ്ങൾ: രാജത്വത്തിന്റെ നാടായ രാജസ്ഥാനിൽ രജപുത്ര രാജവംശത്തിന്റെ കാലത്താണ് ഈ ചിത്രങ്ങൾ ജന്മമെടുത്തത്. രാമായണത്തിലെ രംഗങ്ങൾ തുടങ്ങി രജപുത്രരാജസദസ്സിന്റെ ദൃശ്യങ്ങൾ വരെയുള്ള വ്യത്യസ്ത പ്രമേയങ്ങളാണ് ഈ ചിത്രങ്ങളിൽ ആലേഖനം ചെയ്തിട്ടുള്ളത്.
സാധാരണ നിറങ്ങൾക്കു പുറമെ സസ്യസ്രോതസ്സുകളെയും ചില ധാതുക്കളെയും ശംഖുകളെയും ഈ ചിത്രങ്ങൾക്ക് ജീവൻപകരാൻ കലാകാരൻമാർ ആശ്രയിച്ചിരുന്നു. വളരെ നേർത്ത ബ്രഷുകൾ ഉപയോഗിച്ചാണ് ഇത്രയും സങ്കീർണ്ണമായ രചനകൾ നിർവ്വഹിച്ചിരിക്കുന്നത്. ഈ ചിത്രങ്ങളിലെ സ്വർണ്ണസാന്നിധ്യം അവയുടെ രാജബന്ധത്തെ വിളിച്ചോതുന്നു.
ശൂന്യമായ ചുമരുള്ള ഒരു മുറിയിൽ രജപുത്ര ചിത്രങ്ങൾ രാജകീയതയും ആഡംബരപ്രൗഢിയും നിറയ്ക്കുന്നു.
മൈസൂർ ചിത്രങ്ങൾക്കും രജപുത്ര ചിത്രങ്ങൾക്കും പുറമെ, സ്വർണ്ണം ഉപയോഗിച്ചുവരുന്ന പേർഷ്യൻ കലാരചനയായ മുറാക്കയും ടിബറ്റൻ പാരമ്പര്യമായ താങ്കയും ഇന്ത്യയിൽ ഏറെ സ്നേഹിക്കപ്പെടുന്നു. ഇന്ത്യയ്ക്കാരുടെ പ്രണയം സ്വർണ്ണാഭരണങ്ങളോടു മാത്രമല്ല, അതു പലരൂപങ്ങളിലും വെളിപ്പെടുന്നു – സ്വർണ്ണചിത്രങ്ങൾ അവയിലൊന്നാണ്.