Published: 14 Aug 2018
ലോകത്തിലെ മഹാ സ്വർണ്ണശക്തികൾ
വിപണിയുടെ അസ്ഥിരതയും ഭൗമ-രാഷ്ട്രീയ അനിശ്ചിതത്വവും തെല്ലും ഏശാത്ത സുരക്ഷിതമായ ഒരു സമ്പാദ്യമായി സ്വർണ്ണം ലോകമെങ്ങും അറിയപ്പെടുന്നു. കാലസീമകൾക്കതീതമായി നിലനിൽക്കുന്ന ബൃഹത്തായ സാമ്പത്തികവും സൗന്ദര്യശാസ്ത്രപരവും വൈകാരികവുമായ മൂല്യം സ്വർണ്ണത്തിനുണ്ട്. ഇതര ആസ്തികളെ അപേക്ഷിച്ച് സ്വർണ്ണം ഏറെ വൈവിധ്യമുള്ളതും ഒട്ടും നഷ്ടസാധ്യതയില്ലാത്തതുമാണ്.
അതുകൊണ്ടാണ് 2008 മുതൽ കേന്ദ്രീയ ബാങ്കുകൾ അവരുടെ കരുതൽസ്വർണ്ണത്തിന്റെ അളവ് വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് അവ രാജ്യങ്ങളുടെ വാർഷിക സ്വർണ്ണാവശ്യത്തിന്റെ വലിയൊരു പങ്ക് കയ്യാളുന്നു. രണ്ടു കാര്യങ്ങളാണ് ഈ പ്രതിഭാസത്തിലേക്ക് നയിച്ചത്:
- സെൻട്രൽ ബാങ്ക് ഗോൾഡ് എഗ്രിമെന്റ് നടപ്പാക്കലും (1999) അതിന്റെ പുതുക്കലും (2014).
- ആഗോള സാമ്പത്തിക മാന്ദ്യം വികസ്വരരാജ്യങ്ങളിലെ കേന്ദ്രീയ ബാങ്കുകളെ വിദേശനാണ്യകരുതലിന്റെ വൈവിധ്യവൽക്കരണത്തിന് പ്രേരിപ്പിച്ചപ്പോൾ.
കരുതൽസ്വർണ്ണത്തിന്റെ കാര്യത്തിൽ മുൻപന്തിയിലുള്ള ലോകത്തെ 10 രാജ്യങ്ങളുടെ പട്ടികയിതാ (ജൂൺ 2018ലെ സ്ഥിതിയനുസരിച്ച്):
-
ഇന്ത്യ
ലോകത്ത് സ്വർണ്ണ ഉപഭോഗത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഈ പട്ടികയിൽ ഇടം പിടിച്ചതിൽ അത്ഭുതമില്ല. നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പക്കൽ 560.3 ടൺ സ്വർണ്ണമുണ്ട്. അത് നമ്മുടെ വിദേശനാണ്യകരുതലിന്റെ 5.5% ആണ്.
-
നെതർലാൻഡ്സ്
612.5 ടൺ സ്വർണ്ണശേഖരവുമായി ഈ ചെറിയ യൂറോപ്യൻ രാജ്യ ഒൻപതാം സ്ഥാനത്ത് ഉയർന്നു നിൽക്കുന്നു. ആ രാജ്യത്തിന്റെ മൊത്തം വിദേശ കരുതൽധനത്തിന്റെ 68.2% സ്വർണ്ണമാണ്. നെതർലാൻഡ്സ് ഈ അടുത്തകാലത്ത് അതിന്റെ സ്വർണ്ണശേഖരത്തിന്റെ വലിയൊരുഭാഗം യു.എസിൽ നിന്ന് തിരിച്ചുകൊണ്ടുവന്നിരുന്നു.
-
ജപ്പാൻ
ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടന സ്വർണ്ണശേഖരണത്തിന്റെ കാര്യത്തിൽ 765.2 ടണ്ണുമായി എട്ടാം സ്ഥാനം അലങ്കരിക്കുന്നു. ഇത് അതിന്റെ മൊത്തം വിദേശനാണ്യകരുതലിന്റെ വെറും 2.5% മാത്രമേ ആകുന്നുള്ളൂ.
-
സ്വിറ്റ്സർലാൻഡ്
സ്വിറ്റ്സർലാൻഡ് ആണ് ഏറ്റവുമധികം പ്രതിശീർഷ സ്വർണ്ണസമ്പാദ്യമുള്ള രാജ്യം. അതിന്റെ 1040 ടൺ കരുതൽ സ്വർണ്ണം കഴിഞ്ഞ രണ്ടുവർഷങ്ങളിലായി മാറ്റമില്ലാതെ തുടരുന്നു. ഇത് മൊത്തം കരുതൽധനത്തിന്റെ 5.3% വരുന്നു.
-
ചൈന
1842.6 ടൺ സ്വർണ്ണത്തിലെത്തി ചൈന 2018ൽ ഒരുപടി താഴെയായി. ഇത് അതിന്റെ കരുതൽധനത്തിന്റെ 2.4% മാത്രമാണ്. എന്നുവെച്ചാൽ, മുൻപന്തിയിലുള്ള പത്തു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് ഏറ്റവും കുറവാണ്. ചൈനയുടെ കറൻസിയായ റെൻമിൻബി ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) കരുതൽനാണ്യങ്ങളുടെ ഭാഗമായി, ഡോളർ, പൗണ്ട്, യൂറോ, യെൻ തുടങ്ങിയവയ്ക്കൊപ്പം ചേരുന്നു എന്നിരിക്കെ രാജ്യം അതിന്റെ സ്വർണ്ണശേഖരം ഉയർത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
-
റഷ്യ
2017ൽ റഷ്യ 223.5 ടൺ സ്വർണ്ണം വാങ്ങി ചൈനയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് റഷ്യ 200 ടണ്ണിലേറെ സ്വർണ്ണം വാങ്ങുന്നത്. ഇപ്പോൾ കൈവശം 1909.8 ടണ്ണുണ്ട്; വിദേശധനകരുതലിന്റെ 17.6%.
-
ഫ്രാൻസ്
2436 ടണ്ണുമായി ഫ്രാൻസ് നാലാം സ്ഥാനത്ത് വലിയ മാറ്റമില്ലാതെ തുടരുന്നു. രാജ്യം അതിന്റെ സ്വർണ്ണത്തെ അധികം തൊട്ടുകളിച്ചിട്ടില്ല. മാത്രവുമല്ല, വിദേശനിലവറകളിലുള്ള അതിന്റെ കരുതൽ സ്വർണ്ണം തിരിച്ചുകൊണ്ടുവരുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുകയുമാണ്. രാജ്യത്തിന്റെ മൊത്തം കരുതൽധനത്തിന്റെ 63.9% സ്വർണ്ണശേഖരമാണ്.
-
ഇറ്റലി
2451.8 ടണ്ണുമായി ഇറ്റലിയ്ക്ക് ഫ്രാൻസിനേക്കാൾ നേരിയ മുൻതൂക്കമുണ്ട്. കഴിഞ്ഞ ഒന്നുരണ്ടുവർഷമായി ഇതിന് വലിയ മാറ്റങ്ങളൊന്നുമില്ല. ഇറ്റലിയുടെ മൊത്തം കരുതൽധനത്തിൽ 67.9% സ്വർണ്ണം കയ്യാളുന്നു.
-
ജർമനി
ജർമ്മനിയ്ക്ക് 3371 ടൺ സ്വർണ്ണശേഖരമുണ്ട്. അതിൽ കൂടുതലും സൂക്ഷിച്ചിരിക്കുന്നത് വിദേശരാജ്യങ്ങളിലാണ്. ഫ്രാൻസിനെയും നെതർലാൻഡ്സിനെയും പോലെ ജർമ്മനിയും അതിന്റെ സ്വർണ്ണം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്. മിക്കവാറും 2020 ആകുന്നതോടെ രാജ്യത്തിന്റെ 70.6% കരുതൽധനവും സ്വന്തം പരമാധികാര അതിർത്തിയിൽ വന്നുചേരും.
-
യുണൈറ്റഡ് സ്റ്റെയ്റ്റ്സ് ഓഫ് അമേരിക്ക
8133.5 ടൺ എന്ന കൂറ്റൻ സഞ്ചയവുമായി അമേരിക്ക വളരെയേറെ മുന്നിലാണ്. രണ്ടും മൂന്നും നാലും സ്ഥാനത്തുള്ള ജർമനി, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സ്വർണ്ണശേഖരം ഒരുമിച്ചുകൂട്ടിയാലുള്ളത്ര വരും ഇത്. വിദേശ കരുതൽധനത്തിന്റെ 75.2% സ്വർണ്ണശേഖരമാണ്. കരുതൽധനത്തിൽ സ്വർണ്ണം കൂടുതലായിട്ടുള്ള രാജ്യം തജകിസ്താണ് (88%). അമേരിക്കയുടെ 261 ബില്യൺ യു.എസ്. ഡോളർ മൂല്യം കണക്കാക്കുന്ന സ്വർണ്ണത്തിന്റെ ഏറിയപങ്കും കെന്റകിയിലുള്ള ഫോർട്ട് നോക്സിലെ ഒരു പ്രത്യേക കലവറയിലാണ് സൂക്ഷിച്ചിട്ടുള്ളത്.
സ്വർണ്ണം ഒരു നിത്യഹരിത ലോഹമാണ്. അതിന്റെ ആവശ്യകതയും അതുപോലെത്തന്നെ. ഇന്ത്യക്കാരുടെ സ്വർണ്ണത്തോടുള്ള പ്രതിപത്തി താല്പര്യമുണർത്തുന്ന ഒരു പഠനവിഷയമാണ്, പ്രത്യേകിച്ച് സ്വർണ്ണം വാങ്ങലിന്റെ പുതുരീതികളുടെ വരവോടെ - ഡിജിറ്റൽ ഗോൾഡ് മുതൽ ഇ.ടി.എഫ് വരെ..