Published: 15 Mar 2018
എങ്ങനെയാണ് രാവണൻ തന്റെ സുവർണ്ണരാജ്യം നേടിയതും നഷ്ടപ്പെടുത്തിയതും
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും രാവണനെ കാണുന്നത് ഇതിഹാസകഥയായ രാമായണത്തിലെ വില്ലനായാണ്. എന്നാൽ അദ്ദേഹം മഹാപണ്ഡിതനും ഭഗവാൻ ശിവന്റെ വലിയ ഭക്തനുമായിരുന്നെന്ന് വളരെ കുറച്ചുപേർക്കേ അറിയൂ. അദ്ദേഹത്തിന് ദശാനനൻ അഥവാ പത്തുതലയുള്ള വ്യക്തി എന്ന പേരുകൂടിയുണ്ടായിരുന്നു. നാല് വേദങ്ങളിലും ആറ് ഉപനിഷത്തുകളിലും അദ്ദേഹത്തിനുള്ള അവഗാഹത്തിന്റെ പ്രതീകമായിരുന്നു പത്തുതലകൾ. അത് അദ്ദേഹത്തെ അങ്ങേയറ്റം പണ്ഡിതനാക്കി. രാവണന് അതിമനോഹരമായി വീണ വായിക്കാനും അറിയാമായിരുന്നു.
എങ്ങനെയാണ് രാവണൻ അദ്ദേഹത്തിന്റെ ഇതിഹാസ തലസ്ഥാനമായ സ്വർണ്ണലങ്കയുടെ അധിപനായതെന്ന് പറയുന്ന ഒരു കഥ ഇതാ... ഐതിഹ്യമനുസരിച്ച് ഭഗവാൻ ശിവന്റെ തോഴിയായ പാർവ്വതി ഒരിക്കൽ സന്ന്യാസജീവതവും ഹിമാലയത്തിലെ കൊടുംതണുപ്പും മടുത്ത് ശിവനോട് തങ്ങൾക്ക് സ്വസ്ഥജീവിതം നയിക്കാനായി ഒരു ഗൃഹം പണിയാൻ അഭ്യർത്ഥിച്ചു. ഇഹലോകസ്വത്തുക്കൾ പൂർണ്ണമായും ഉപേക്ഷിച്ച, തികച്ചും തപസ്വിയായ ഭഗവാൻ ശിവന് കുടുംബസ്ഥനായി ജീവിക്കുക എന്നത് ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. എങ്കിലും സ്നേഹസമ്പന്നനായ ഒരു ഭർത്താവായ അദ്ദേഹം പാർവ്വതിയുടെ അഭ്യർത്ഥന അംഗീകരിച്ചു.
അതിനെത്തുടർന്ന് ശിവൻ രാവണനെ പ്രൊജക്ട് മാനേജരായി നിയമിക്കുകയും സ്വർണ്ണലങ്ക എന്ന പേരിൽ ഒരു സുവർണ്ണ കൊട്ടാരം നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് രാവണൻ അക്കാലത്തെ ഏറ്റവും സമ്പന്നനായ തന്റെ അർദ്ധസഹോദരൻ കുബേരനെ കൊട്ടാരം പണിയാനുള്ള സ്വർണ്ണത്തിനായി സമീപിച്ചു. കുബേരൻ അവശ്യംവേണ്ട സ്വർണ്ണം സംഭാവന ചെയ്തു കഴിഞ്ഞപ്പോൾ രാവണൻ വാസ്തുശില്പിയും സിവിൽ എൻജിനിയറുമായ വിശ്വകർമ്മാവിനെ ശിവനുള്ള കൊട്ടാരം പണിയാൻ ഏർപ്പാടാക്കി. അധികം താമസിയാതെ വിശ്വകർമ്മാവ് അതിശയകരവും അതിവിശിഷ്ടവുമായ സുവർണ്ണ കൊട്ടാരത്തിന്റെ പണി പൂർത്തിയാക്കി.
ആചാരമനുസരിച്ച് ഗൃഹപ്രവേശന പൂജ നടത്താൻ ഭഗവാൻ ശിവൻ തീരുമാനിച്ചു. ഇന്ത്യയിലിപ്പോഴും ഹിന്ദുക്കൾക്കിടയിൽ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനു മുൻപ് ദൈവങ്ങൾക്ക് കാണിക്ക സമർപ്പിക്കുന്ന രീതിയുണ്ട്. ഗൃഹപ്രവേശന പൂജയ്ക്ക് പൂജാരിയായി ശിവൻ നിയമിച്ചത് തന്റെ വിളിപ്പുറത്തുള്ള പണ്ഡിതവര്യനായ രാവണനെയായിരുന്നു.
പൂജ കഴിഞ്ഞ് ദക്ഷിണ നൽകേണ്ട സമയമായപ്പോൾ രാവണൻ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ആ സുവർണ്ണ കൊട്ടാരം തന്നെ തന്റെ പ്രതിഫലമായി ചോദിച്ചു. ഒരുപക്ഷേ ശിവന്റെ ഇച്ഛയായിരിക്കാം അപ്പോൾ പ്രവർത്തിച്ചത് (അദ്ദേഹത്തിന് യഥാർത്ഥത്തിൽ ഒരിക്കലും ഒരു കൊട്ടാരത്തിൽ താമസിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല). അതല്ലെങ്കിൽ, അത്ര ഗംഭീരമായ കൊട്ടാരം കണ്ട് രാവണന് അസൂയ മൂത്തതുമാവാം. അങ്ങനെ, ഭഗവാൻ ശിവൻ സ്വർണ്ണലങ്ക രാവണന് നൽകി ഹിമാലയത്തിലെ തന്റെ വാസസ്ഥലമായ കൈലാസ പർവ്വതത്തിലേക്ക് തിരിച്ചുപോയി. രാവണന്റെ പെരുമാറ്റത്തിൽ ക്രോധം പൂണ്ട ശിവന്റെ സന്തതസഹചാരിയായ നന്ദി രാവണനെ ശപിച്ചു. തന്റെ പ്രിയ കൊട്ടാരം വെറുമൊരു കുരങ്ങനാൽ നശിപ്പിക്കപ്പെടുമെന്ന്.
കുറച്ച് വർഷങ്ങൾക്കു ശേഷം വാനര ദൈവമായ ഹനുമാൻ സീതാദേവിയെത്തേടി സ്വർണ്ണലങ്കയിലെത്തി. അധികാരവും സമ്പത്തും തലയ്ക്കുപിടിച്ച് ഉന്മത്തനായിരുന്ന രാവണൻ ഹനുമാനെ അപഹസിക്കുകയും ഹനുമാന്റെ വാലിൽ തീകൊടുക്കാൻ കല്പിക്കുകയും ചെയ്തു. എന്നാൽ ഹനുമാന് ഒരു പോറൽ പോലും ഏറ്റില്ലെന്നു മാത്രമല്ല, രാവണന്റെ സുവർണ്ണ കൊട്ടാരം ചുട്ടുചാമ്പലാക്കുകയും ചെയ്തു. അങ്ങനെയാണ് രാവണന് തന്റെ സുവർണ്ണസൗധം നഷ്ടമായത്.