Published: 19 Jun 2018
സ്വർണ്ണത്തിന്റെ കൃത്യമായ വില അറിയുന്നത് എങ്ങനെ?
പല ടൗണുകളിലും നഗരങ്ങളിലും എന്തിനേറെ ഒരു നഗരത്തിൽ തന്നെയുള്ള വ്യത്യസ്ത കടകളിലും എന്തുകൊണ്ടാണ് സ്വർണ്ണത്തിന് വില വ്യത്യാസം ഉണ്ടാവുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് കാരണം, ഇന്ത്യയിലെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന വിപണിയുടെ ചലനാത്മകതയാണ്. ഈ ചലനാത്മകതയ്ക്ക് അല്ലെങ്കിൽ വിപണിയിലെ മാറ്റത്തിന് അനുസരിച്ച് സ്വർണ്ണ വില മാറുന്നു.
ഇന്ത്യയിൽ സ്വർണ്ണ വില നിശ്ചയിക്കപ്പെടുന്നത്, ഒരു ഔസ്യോഗിക എക്സ്ചേഞ്ച് വഴിയല്ല. ദേശീയ തലത്തിൽ സ്വർണ്ണ വില നിയന്ത്രിക്കുകയും നിശ്ചയിക്കുകയും ചെയ്യുന്നതിന് ഇന്ത്യയിൽ ഒരു ഏക സ്ഥാപനമില്ല. എന്നാൽ പ്രതിദിനാടിസ്ഥാനത്തിൽ, ഇന്ത്യൻ ബുള്ളിയൻ ജ്വല്ലേഴ്സ് അസോസിയേഷൻ (IBJA) അന്നന്നത്തെ സ്വർണ്ണവില പ്രഖ്യാപിക്കുകയും ഡീലർമാർ ഈ വില അംഗീകരിക്കുകയും ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ പത്ത് സ്വർണ്ണ ഡീലർമാരിൽ നിന്നുള്ള സ്വർണ്ണ വിലയുടെ ശരാശരിയാണ് ഇന്ത്യൻ ബുള്ളിയൻ ജ്വല്ലേഴ്സ് അസോസിയേഷൻ ഓരോ ദിവസവും പ്രഖ്യാപിക്കുന്നത്. ഈ പത്ത് ഡീലർമാരിൽ ചിലർ ഉപയോഗിക്കുന്നത് മൾട്ടി കൊമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിലെ (MCX) 'നിയർ-മന്ത് ഗോൾഡ് ഫ്യൂച്ചേഴ്സ് കോൺട്രാക്ട്' ആകാം. ചില ഡീലർമാർ നൽകുന്ന വിലയാകട്ടെ, സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കിൽ നിന്ന് സ്വർണ്ണം വാങ്ങുന്നതിനായി അവർ ചെലവിട്ട തുകയ്ക്ക് മേലുള്ള 'മാർക്ക്-അപ്പ് പ്രൈസ്' ആകാം. അന്തർസംസ്ഥാന ഗതാഗത ചെലവുകളും പ്രാദേശിക ജ്വല്ലറി സംഘടനകൾ പ്രഖ്യാപിക്കുന്ന വിലയും, വ്യത്യസ്ത നഗരങ്ങളിലും ടൗണുകളിലും സ്വർണ്ണത്തിന്റെ വില നിശ്ചയിക്കുന്നതിൽ ഒരു പ്രധാന പങ്ക് നിർവഹിക്കുന്നു.
സ്വർണ്ണത്തിന്റെ അന്തിമ വില കണക്കാക്കുന്ന സമയത്ത് ജ്വല്ലറി സ്ഥാപനങ്ങൾ സാധാരണഗതിയിൽ, അറിയിക്കപ്പെട്ട ഈ വില അടിസ്ഥാനമാക്കുന്നു. ആഭരണത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള സ്വർണ്ണത്തിന്റെ തൂക്കത്തിനെ ഈ വില കൊണ്ട് ഗുണിക്കുന്നു, തുടർന്ന് അതിലേക്ക് പണിക്കൂലി ചേർക്കുന്നു. തുടർന്ന് ലഭിക്കുന്ന തുകയിലേക്ക് 3 ശതമാനം ജിഎസ്ടി ചേർക്കുന്നു. ചില ജ്വല്ലറി സ്ഥാപനങ്ങൾ ആകട്ടെ, സ്വർണ്ണത്തിന്റെ ശുദ്ധിക്കും ബ്രാൻഡിനുമായി ഒരു പ്രീമിയം തുകയും ഈടാക്കിയേക്കാം.
സ്വർണ്ണാഭരണ കടയിൽ നിന്ന് സ്വർണ്ണം വാങ്ങുന്നതിന് മുമ്പ് മനസ്സിൽ ഓർക്കേണ്ട കാര്യങ്ങൾ:
- ആഭരണം വിൽക്കുന്നതിനും വാങ്ങുന്നതിനും ആഭരണക്കട വാങ്ങുകയും നൽകുകയും ചെയ്യുന്ന വിലയിൽ വ്യത്യാസമുണ്ടാകും. മിക്ക പത്രങ്ങളിലും വെബ്സൈറ്റുകളും അറിയിച്ചിട്ടുള്ള വിലയായിരിക്കില്ല കടയിലെ വില. എങ്കിലും വ്യത്യാസം നിസ്സാരമായിരിക്കും.
- ആഭരണത്തിൽ പതിച്ചിട്ടുള്ള കല്ലുകളുടെ തൂക്കം കുറച്ചാണ് സ്വർണ്ണത്തിന്റെ തൂക്കം കണക്കുകൂട്ടുക.
- ആഭരണത്തിൽ ഉപയോഗിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ ശുദ്ധിയെ അടിസ്ഥാനമാക്കിയും സ്വർണ്ണവില വ്യത്യാസപ്പെടാം. അതായത് 22 കാരറ്റ് അല്ലെങ്കിൽ 18 കാരറ്റ് എന്നിവയുടെ വിലയിൽ വ്യത്യാസമുണ്ടാകും. ബിഐഎസ് സ്റ്റാൻഡേർഡ് ഹാൾമാർക്കിംഗ് കാണുക.
- ആഭരണത്തിന്റെ ബലത്തിനും ഈടിനുമായി ചേർത്തിട്ടുള്ള സങ്കര ലോഹങ്ങളുടെ വില, ശുദ്ധ സ്വർണ്ണത്തിന്റെ വിലയുടെ 3 ശതമാനത്തിലും അധികമായേക്കില്ല .
- സ്വർണ്ണാഭരണ കടകൾ ഈടാക്കുന്ന പണിക്കൂലി (അല്ലെങ്കിൽ വേസ്റ്റേജ്) ഏകീകരിക്കപ്പെട്ടില്ല. ഈ നിരക്ക് ഒരുപക്ഷേ, സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ ഒരു ശതമാനമാകാം അല്ലെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിന് എത്ര നിരക്കെന്ന നിശ്ചിത തുകയുമാകാം. കട്ടിംഗിന്റെ ശൈലി, ഫിനിഷിംഗ്, സങ്കീർണ്ണത എന്നിവയൊക്കെ പണിക്കൂലിയിൽ പ്രതിഫലിക്കും. മെഷീൻ ഉപയോഗിച്ച് പണിയുന്ന സ്വർണ്ണാഭരണങ്ങൾക്ക് പൊതുവെ ഈടാക്കുന്ന പണിക്കൂലി 3 ശതമാനം മുതൽ 25 ശതമാനം വരെയാണ് . സാധാരണഗതിയിൽ കൈകൊണ്ട് പണിയുന്ന സ്വർണ്ണാഭരണങ്ങൾക്ക് മെഷീൻ കൊണ്ട് നിർമ്മിക്കുന്ന സ്വർണ്ണാഭരണങ്ങളേക്കാൽ വില കൂടും.
ബന്ധപ്പെട്ട ലേഖനം: സ്വർണ്ണം വാങ്ങൽ ലളിതമാക്കിയിരിക്കുന്നു: പണിക്കൂലിയെ കുറിച്ചും വേസ്റ്റേജ് നിരക്കിനെ കുറിച്ചും മനസ്സിലാക്കുക
മുകളിൽ പറഞ്ഞ ഘടകങ്ങൾ കൂടാതെ ഇനിപ്പറയുന്ന സംഗതികളും സ്വർണ്ണത്തിന്റെ വിപണി വിലയെ സ്വാധീനിക്കുന്നു:
- സ്വർണ്ണത്തിന്റെ സപ്ലേ: സ്വർണ്ണം വിലപിടിച്ച ചരക്കാണ്, പല രാജ്യങ്ങളിലും ഈ വിലപിടിച്ച ലോഹത്തിന്റെ വേണ്ടത്ര ശേഖരമില്ല. സ്വർണ്ണത്തിന്റെ സപ്ലേ വ്യത്യാസപ്പെടുമ്പോൾ, വിലയിലും വ്യത്യാസമുണ്ടാകുന്നു. സ്വർണ്ണം ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുമായുള്ള സൗഹാർദ്ദപരമായ ജിയോപൊളിറ്റിക്കൽ ബന്ധങ്ങളും സ്വർണ്ണത്തിന്റെ സപ്ലെയേയും വിലയെയും നിർണ്ണയിക്കുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
- എക്സ്ചേഞ്ച് നിരക്ക്: രൂപയുടെ മൂല്യം ഉയരുമ്പോൾ, ഇറക്കുമതിക്ക് നൽകേണ്ട മൂല്യം കുറയുന്നു, ഇതുവഴി സ്വർണ്ണത്തിന്റെ മൊത്തം വില കുറയുന്നു.
- ഇറക്കുമതി നിയന്ത്രണങ്ങൾ : ഉയർന്ന കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി അല്ലെങ്കിൽ ഇറക്കുമതി കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ പോലെയുള്ള ഏതൊരു സർക്കാർ നയവും സ്വർണ്ണ വില വർദ്ധിപ്പിക്കുന്നു.
- സീസണൽ ഘടകങ്ങൾ: വിവാഹ സീസൺ, മതപരമായ ആഘോഷങ്ങൾ, വിളവെടുപ്പ് സമയം, മൺസൂൺ കാലം എന്നിങ്ങനെയുള്ള അവസരങ്ങളിൽ സ്വർണ്ണ വിൽപ്പനയും വിലയും കൂടുന്നു.
നിങ്ങളുടെ സ്വർണ്ണക്കട നിങ്ങളിൽ നിന്ന് എത്ര തുകയാണ് ഈടാക്കാൻ പോകുന്നതെന്ന് കൂടുതൽ നന്നായി മനസ്സിലാക്കാൻ സ്വർണ്ണ വില എങ്ങനെയാണ് നിശ്ചയിക്കപ്പെടുന്നത് എന്നതിന്റെ അടിസ്ഥാന തത്വങ്ങൾ അറിയുന്നത് നിങ്ങളെ സഹായിക്കും. സ്വർണ്ണക്കട നിങ്ങളോട് പറയുന്ന സ്വർണ്ണ വിലയെ കുറിച്ച് വിവരങ്ങൾ അറിഞ്ഞുകൊണ്ടുള്ള സംഭാഷണത്തിൽ ഏർപ്പെടാൻ ഈ തത്വങ്ങൾ നിങ്ങളെ സഹായിക്കും.
കൂടാതെ, നിങ്ങൾ വാങ്ങിയ സ്വർണ്ണത്തിന്റെ വിലയുടെ ഇനം തിരിച്ചുള്ള പട്ടിക ഉൾപ്പെടുന്ന ഒരു സുതാര്യമായ ബിൽ തരാൻ നിങ്ങൾക്ക് ആവശ്യപ്പെടാവുന്നതാണ്.