Published: 27 Sep 2017
ഇന്ത്യൻ സ്വർണ്ണ സാമ്പത്തിക ശാസ്ത്രം
ഇന്ത്യയിൽ സ്വർണ്ണത്തിന്റെ സാമ്പത്തിക ശാസ്ത്രമെന്നത് ഒരു സങ്കീർണ്ണമായ വിഷയമാണ്. പല വർഷങ്ങളായി - അല്ലെങ്കിൽ ദശകങ്ങളായി - സ്വർണ്ണ ഉപഭോഗത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണ് ഇന്ത്യ. കഴിഞ്ഞ അഞ്ച് വർഷത്തിൽ 4500 ടൺ സ്വർണ്ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരിക്കുന്നത്. സ്വർണ്ണത്തിനുള്ള സുരക്ഷയാണ് ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും ഇത്ര ശക്തമായി ഈ മഞ്ഞലോഹത്തെ ഉറപ്പിച്ചിരിക്കുന്നത്. തലമുറകളായി, സ്വത്ത് സമാഹരിക്കുന്നതിനുള്ള ഒരു രൂപമായി സ്വർണ്ണം ഉപയോഗപ്പെടുത്തിവരുന്നു. പാവപ്പെട്ടവനാകട്ടെ, പണക്കാരനാകട്ടെ, അവരുടെയൊക്കെ നിക്ഷേപ പോർട്ടിഫോളിയോയിൽ സ്വർണ്ണത്തിന്റെ തിളക്കം നിങ്ങൾക്ക് കാണാം.
ഇന്ത്യയിൽ ഏറ്റവുമധികം സ്വർണ്ണം ഉപഭോഗം ചെയ്യുന്നത് സ്വർണ്ണാഭരണ വ്യവസായ മേഖലയാണ്. മൊത്തം സ്വർണ്ണത്തിന്റെ 70 ശതമാനവും സ്വർണ്ണാഭരണങ്ങളാണ്. ഇന്ത്യയിൽ ഏതാണ്ട് 400,000 ജ്വല്ലറി സ്ഥാപനങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇവയിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് അനൗദ്യോഗിക മേഖലയിലാണ്.
സ്വർണ്ണം വാങ്ങുന്നതിനായി ഇന്ത്യക്കാർക്ക് അദമ്യമായ ആഗ്രഹമുള്ളതിനാൽ, വിപണിയിലെ സ്വർണ്ണ ഡിമാൻഡ് നിറവേറ്റുന്നത് ദുഷ്ക്കരമാണ്. വർഷത്തിൽ എല്ലാക്കാലത്തും സ്വർണ്ണത്തിന് ഡിമാൻഡുണ്ട്. അതുമല്ലാതെ, സ്വർണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ സ്വർണ്ണ ഡിമാൻഡിനെ വളരെയധികം ബാധിക്കുന്നുമില്ല. ഇതിന് മറ്റൊരർത്ഥം കൂടിയുണ്ട്. സ്വർണ്ണമല്ലാതെയുള്ള മറ്റ് സാമ്പത്തിക അസറ്റുകൾ പരീക്ഷിച്ച് നോക്കുന്നതിന് ഇന്ത്യക്കാർക്ക് വലിയ താൽപ്പര്യമില്ല എന്നാണത്.
വേൾഡ് ഗോൾഡ് കൗൺസിൽ പ്രസിദ്ധീകരിച്ച ഡാറ്റ ഉപയോഗിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI), 2013-ൽ നടത്തിയ ഒരു സർവേയിൽ, അനിശ്ചിതത്വത്തിന് എതിരെയുള്ള ഒരു പരിരക്ഷയാണ് സ്വർണ്ണമെന്ന് ആളുകൾ പരിഗണിക്കുന്നതായി കണ്ടെത്തിയിരുന്നു. ഓഹരി വിപണി കയറിയാലും ഇറങ്ങിയാലും ആളുകൾ സ്വർണ്ണം വാങ്ങുന്നു. FICCI സർവേയോട് പ്രതികരിച്ചവരിൽ 22 ശതമാനം ആളുകളും, ചാഞ്ചാടുന്ന വിപണി സാഹചര്യങ്ങളിൽ സ്വർണ്ണം വാങ്ങുമെന്ന് പറഞ്ഞു. ഒരു കുടുംബത്തിന്റെ പതിവ് ചെലവുകളിൽ സ്വർണ്ണവും ഒരു ഭാഗമാണ്. പ്രതിദിന ഉപയോഗത്തിന് ചെലവഴിക്കപ്പെടുന്ന പണത്തിന്റെ 8 ശതമാനത്തോളം സ്വർണ്ണം വാങ്ങുന്നതിനാണ് നീക്കിവയ്ക്കപ്പെടുന്നത്. മെഡിക്കൽ ചെലവുകൾക്കോ വിദ്യാഭ്യാസത്തിനോ ചെലവിടുന്ന തുകയേക്കാൾ ഒരൽപ്പം മാത്രം താഴെയാണിത്.
2.5 മില്യണിലധികം ആളുകൾക്കാണ് സ്വർണ്ണ വ്യവസായം ജോലി നൽകുന്നത്, ഇന്ത്യൻ കയറ്റുമതി വ്യവസായത്തിനും സ്വർണ്ണ വ്യവസായം ഗണ്യമായൊരു സംഭാവന നൽകുന്നുണ്ട്.2012-ൽ മാത്രം 18.28 ബില്യൻ യുഎസ് ഡോളറിന്റെ സ്വർണ്ണ കയറ്റുമതിയാണ് നടന്നത്. വൈരക്കല്ലിന്റെയും മറ്റ് വിലപിടിപ്പുള്ള കല്ലുകളുടെയും കയറ്റുമതി 18.05 ബില്യൺ യുഎസ് ഡോളറായിരുന്നു. 2013-ൽ ഒരു ആഗോള കൺസൾട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സ് നടത്തിയ പഠനമനുസരിച്ച് ഇന്ത്യൻ ജിഡിപിയിലേക്ക് 30 ബില്യൻ യുഎസ് ഡോളറിന്റെ സംഭാവനയാണ് സ്വർണ്ണം നൽകുന്നത്.
സ്വർണ്ണ സാമ്പത്തികവ്യവസ്ഥയുടെ സങ്കീർണ്ണത കാരണം, നയരൂപീകരണ കർത്താക്കൾക്ക് പലപ്പോഴും വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ട്. എന്തായാലും ഇനിപ്പറയുന്ന ചോദ്യം നമുക്ക് മുന്നിൽ ഉയരുന്നുണ്ട്: സാമ്പത്തികവ്യവസ്ഥയിൽ സ്വർണ്ണത്തിന്റെ പങ്കിനെ കുറിച്ചുള്ള നമ്മുടെ വീക്ഷണങ്ങൾ നമ്മൾ പുനർവിചിന്തനം നടത്തേണ്ടതുണ്ടോ? 'അതെ' എന്നാണ് അത്തരമൊരു ചോദ്യത്തിന് സമകാലിക അവസ്ഥ നൽകുന്ന ഉത്തരം.