Published: 08 Feb 2018
സ്വർണ്ണത്തിലെ താൽപ്പര്യമുണർത്തുന്ന ഇനങ്ങൾ
ലോകമൊട്ടുക്ക് ലഭിക്കുന്ന അംഗീകാരവും സൗന്ദര്യവും അപൂർവ്വതയും സ്വർണ്ണത്തിന്റെ അന്തസ്സിന്റെയും സമ്പത്തിന്റെയും പ്രതീകമാക്കി മാറ്റുന്നു. അസാധാരണമായ ഇനങ്ങളെ ആളുകൾ സ്വർണ്ണ നിധികളായി മാറ്റിയിട്ടുണ്ടെന്ന് പറഞ്ഞല്ലോ, ഇവയിൽ ചിലതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം. ഇവയുടെ ഉടമകൾ, പുരാതന രാജാക്കന്മാർ മുതൽ ആധുനിക കാലത്തെ ശതകോടീശ്വരന്മാർ വരെയാണ്.
സ്വർണ്ണം കൊണ്ടുള്ള വസത്രശേഖരം -
ഇന്ത്യൻ ശതകോടീശ്വരനായ, അന്തരിച്ച ശ്രീ ദത്താത്രെ ഫൂഗെയുടെ പക്കൽ മഞ്ഞലോഹം കൊണ്ട് നിർമ്മിച്ച ഒരു ഷർട്ട് ഉണ്ടായിരുന്നു. സ്വർണ്ണം കൊണ്ടുള്ള ഷർട്ടും ഫൂഗെയെ തൃപ്തമാക്കിയില്ല. ഷർട്ടിന് യോജിച്ച ഒരു ബെൽറ്റും കക്ഷി സ്വർണ്ണം കൊണ്ട് നിർമ്മിച്ചെടുത്തു. 'ഏറ്റവും വിലപിടിച്ച ഷർട്ട്' എന്ന ഗിന്നസ് റെക്കോർഡും ഫൂഗെയുടെ ഷർട്ടിന് സ്വന്തമാണ്.
സുവർണ സമയം -
പാട്യാലയിലെ രാജാവായിരുന്ന മഹാരാജാ ഭൂപീന്ദർ സിംഗിന്റെ കയ്യിൽ 1920-ൽ ഒരു പോക്കറ്റ് വാച്ച് ഉണ്ടായിരുന്നു. മനോഹരമായ ഈ വാച്ച് നിർമ്മിച്ചത് സ്വർണ്ണം കൊണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ രാജാക്കന്മാരിൽ ഒരാളായിരുന്നു ഭൂപീന്ദർ സിംഗ്.
സ്വർണ്ണപ്പെട്ടി -
ഗൗതമ ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ഒരു സ്വർണ്ണപ്പെട്ടിയിലാണ്. തങ്ങളുടെ ആത്മീയ നേതാവിന്റെ ഔന്നത്യം പ്രതിഫലിപ്പിക്കുന്നതിന് സ്വർണ്ണമല്ലാതെ മറ്റൊന്നും തിരഞ്ഞെടുക്കാൻ അനുയായികൾക്ക് കഴിഞ്ഞില്ല. ഈ പെട്ടിക്ക് 35 കിലോ ഭാരമുണ്ട്, 18 കാരറ്റ് സ്വർണ്ണം കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
സുവർണ പാദുകം -
വസ്ത്രവും പെട്ടിയുമെല്ലാം സ്വർണ്ണം കൊണ്ട് നിർമ്മിക്കുന്നതിൽ വലിയ അതിശയമൊന്നുമില്ല. എന്നാൽ കാലിൽ ധരിക്കുന്ന ചെരിപ്പ് വരെ സ്വർണ്ണം കൊണ്ട് നിർമ്മിക്കാൻ തക്ക സമ്പത്തിന്റെ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട് എന്നറിയാമോ? കപൂർത്തലയിലെ രാജാവായ മഹാരാജ ജഗ്‌ജീത് സിംഗാണ്, 1920-ൽ ഈ സാഹസത്തിന് മുതിർന്നത്. ഒരു ജോടി സുവർണ പാദുകങ്ങളാണ് കക്ഷി നിർമ്മിച്ചത്.
സ്വർണ്ണം കൊണ്ടുള്ള ആയുധങ്ങൾ -
ജോധ്‌പൂരിലെ മഹാരാജാവായ ഉമൈദ് സിംഗിനൊരു മോഹം, തന്റെ തോക്ക് സ്വർണ്ണം കൊണ്ടുള്ളതായിരിക്കണമെന്ന്. 1943-ൽ രാജാവിന്റെ മോഹം പൂവണിഞ്ഞു. സ്വർണ്ണം കൊണ്ടും ആനക്കൊമ്പ് കൊണ്ടും പണികഴിപ്പിച്ച ഒരു കോൾട്ട് പിസ്റ്റളായിരുന്നു അനന്തരഫലം. യുദ്ധത്തിന് ഇതിനേക്കാൾ രാജകീയമായൊരു ആയുധം വേറെയില്ലല്ലോ.
ഓർമ്മിക്കാനൊരു രാജകീയ നടത്തം -
കൂച്ച് ബെഹാറിലെ മഹാറാണിയായ ഇന്ദിരാ ദേവിക്ക് ഷൂകൾ ഏറെ പ്രിയമായിരുന്നു. നൂറുകണക്കിന് ഷൂകളാണ് ഇന്ദിരാ ദേവിയുടെ പക്കലുണ്ടായിരുന്നത്. ഇതിനെന്താ അത്ഭുതമെന്ന് മനസ്സിൽ ചിന്തിക്കുന്നവരോട് - ഈ ഷൂകളെല്ലാം തന്നെ സ്വർണ്ണവും വൈരക്കല്ലും മരതകവും വിലപിടിപ്പുള്ള മറ്റ് കല്ലുകളും കൊണ്ട് അലങ്കരിക്കപ്പെട്ടവയായിരുന്നു.
പേപ്പർ വെയ്‌റ്റായും സ്വർണ്ണം -
സമ്പത്തും അന്തസ്സും പ്രദർശിപ്പിക്കുന്നതിൽ ഇന്ത്യയിലെ രാജവംശങ്ങൾ ഒന്നും പിന്നിലായുന്നില്ല. ഹൈദരാബാദ് നിസാം ആയിരുന്ന മീർ ഒസ്മാൻ അലി ഖാന്റെ പക്കൽ ഒരു പേപ്പർ വെയ്‌റ്റ് ഉണ്ടായിരുന്ന. ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ വലുപ്പത്തിലുള്ള ഇത് പൂർണ്ണമായും സ്വർണ്ണം കൊണ്ട് നിർമ്മിച്ചതായിരുന്നു.
ഇന്ത്യയിലെ സമ്പന്നരും രാജാക്കന്മാരും തങ്ങളുടെ സമ്പത്തും അന്തസ്സും പ്രദർശിപ്പിക്കുന്നതിന് എങ്ങനെയാണ് സ്വർണ്ണത്തെ അസാധാരണമായ തരത്തിൽ ഉപയോഗിച്ചിരുന്നത് എന്നതിന്റെ ചില ഉദാഹരണങ്ങളാണ് നാം ഇപ്പോൾ കണ്ടത്. പുതിയ തലമുറ ഇതിനെ എങ്ങനെ വീക്ഷിക്കുമെന്നറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു!