Published: 07 Sep 2017
ലോകമെമ്പാടുമുള്ള സുവർണ്ണ സ്മാരകങ്ങൾ
സ്വർണ്ണം സമ്പത്തും ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്ന ശാസ്ത്രീയ തത്വവുമായി ബന്ധപ്പെട്ട ഉപയോഗങ്ങളെ കുറിച്ചും നമുക്ക് മനസ്സിലാക്കാം. സ്വർണ്ണം പോസറ്റീവ് ഊർജ്ജം കൊണ്ടുവരും എന്ന് വിശ്വസിക്കപ്പെടുന്നതിനാൽ ആളുകൾ പലപ്പോഴും സ്വർണ്ണാഭരണങ്ങൾ അണിയുകയും സ്വർണ്ണ സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. അതിനാൽ തന്നെ, മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്മാരകങ്ങൾ, സ്വർണ്ണവുമായി ബന്ധപ്പെട്ടതാണെന്നതിൽ അത്ഭുതപ്പെടാനില്ല.
-
ഗോൾഡൻ ബുദ്ധ, ബാങ്കോക്ക്, തായ്‌ലാൻഡ്
നിങ്ങൾ തായ്‌ലാൻഡ് സന്ദർശിക്കുന്നുവെങ്കിൽ, വാൾ ട്രായ്‌മിറ്റ് സന്ദർശിക്കുന്നുവെന്ന് ഉറപ്പാക്കുക. പൂർണ്ണമായും സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന ഒരു വൻ ബുദ്ധ പ്രതിമയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഈ പ്രതിമയ്ക്ക് 9.8 അടി ഉയരമുണ്ട്, 5500 കിലോഗ്രാം 18 കാരറ്റ് സ്വർണ്ണമാണ് ഇതിലുള്ളത്. ഇന്നത്തെ സ്വർണ്ണ വില പ്രകാരം കണക്കാക്കുകയാണെങ്കിൽ, ഈ പ്രതിമയുടെ മൂല്യം ഏകദേശം 300 മില്യൻ ഡോളറാണ്!
-
• ഇസ്രയേലിലെ ജറുസലേമിലെ ഡോം ഓഫ് ദ റോക്ക്
പാട്ടുകളിൽ, സ്വർണ്ണനഗരം എന്നാണ് ജറുസലേമിനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും പുരാതന ഇസ്ലാമിക സ്മാരകമായ 'ഡോം ഓഫ് ദ റോക്ക്' സ്ഥിതി ചെയ്യുന്നത് ജറുസലേമിൽ ആണെന്നതാകാം ഇതിന് കാരണം. ആദ്യത്തിൽ സ്വർണ്ണം കൊണ്ടാണ് ഈ ആരാധനാലയത്തിന്റെ താഴികക്കുടം നിർമ്മിച്ചത്, പിന്നീട് സ്വർണ്ണത്തിന് പകരം ചെമ്പും അലുമിനിയവും ഉപയോഗിച്ചു, തുടർന്ന് സ്വർണ്ണ ഇലകൾ കൊണ്ട് താഴികക്കുടം പൊതിഞ്ഞു. ഇതാദ്യം പണിതപ്പോൾ, 100,000 സ്വർണ്ണ നാണയങ്ങൾ ഉരുക്കിയ സ്വർണ്ണം ഉപയോഗിച്ചാണ് താഴികക്കുടം പൊതിഞ്ഞത്. പിന്നീട്, 1998-ൽ പുനരുദ്ധരിക്കപ്പെട്ടപ്പോൾ, 80 കിലോഗ്രാം സ്വർണ്ണം കൂടി അതിലേക്ക് ചേർക്കപ്പെട്ടു.
-
ബുദ്ധ ദൊർദെന്മ, ഭൂട്ടാൻ
കുൻസെൽഫോദ്രാം നേച്വർ പാർക്കിലെ ഒരു കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന ബുദ്ധ ദൊർദെന്മയാണ് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമ. വെങ്കലം കൊണ്ട് നിർമ്മിച്ചിട്ടുള്ളതും സ്വർണ്ണം പൂശിയിട്ടുള്ളതുമായ ഈ പ്രതിമയ്ക്ക് 180 അടി ഉയരമുണ്ട്. എന്തിനെയെങ്കിലും സ്വർണ്ണ പെയിന്റ് കൊണ്ടോ സ്വർണ്ണ ഇല കൊണ്ടോ പൊതിയുന്ന നടപടിക്രമത്തെ പറയുന്ന പേരാണ് സ്വർണ്ണം പൂശൽ (ഗിൽഡിംഗ്). രസകരമെന്ന് പറയട്ടെ, ഈ വലിയ പ്രതിമയ്ക്കുള്ളിൽ ബുദ്ധന്റെ ചെറിയ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. 8 ഇഞ്ച് ഉയരമുള്ള 100,000 ബുദ്ധ പ്രതിമകളും 12 ഇഞ്ച് ഉയരമുള്ള 25,000 ബുദ്ധ പ്രതിമകളും ഇതിലുള്ളിലുണ്ട്. ഈ 125,000 ബുദ്ധ പ്രതിമകളും വെങ്കലം കൊണ്ട് നിർമ്മിച്ചിരിക്കുന്നു, സ്വർണ്ണം കൊണ്ട് പൂശിയിട്ടുമുണ്ട്.
-
ഇന്ത്യയിലെ അമൃത്‌സറിലുള്ള സുവർണ്ണ ക്ഷേത്രം
പതിനാറാം നൂറ്റാണ്ടിൽ നാലാമത്തെ സിഖ് ഗുരുവായ രാം ദാസ് സാഹിബ് പണികഴിപ്പിച്ചതാണ് അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രം. ഓരോദിവസവും ആയിരക്കണക്കിന് തീർത്ഥാടകരാണ് ഈ ക്ഷേത്ര ദർശനത്തിന് എത്തുന്നത്. 1830-ൽ ഈ ക്ഷേത്രത്തിന് സ്വർണ്ണം പൂശി, 65 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പൂശിയത് . 90-കളിൽ, 140 കോടി രൂപാ ചെലവിട്ട് 500 കിലോഗ്രാം 24 കാരറ്റ് സ്വർണ്ണം കൂടി അതിലേക്ക് ചേർത്തു. സ്വർണ്ണത്തിന്റെ 24 പാളികൾ കൊണ്ടാണ് ഇത് പൊതിഞ്ഞത്, ഈ പുനരുദ്ധാരണ പ്രവർത്തനത്തിന് നാല് വർഷം എടുത്തു! ഈ സ്വർണ്ണ പാളികൾ നിർമ്മിച്ചത്, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദഗ്ധ്യമുള്ള സ്വർണ്ണപ്പണിക്കാരാണ്.
നിങ്ങൾ അടുത്ത തവണ യാത്ര ആസൂത്രണം ചെയ്യുമ്പോൾ, ലക്ഷ്യസ്ഥാനങ്ങളിൽ മുകളിൽ പറഞ്ഞവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ, ഈ സ്മാരകങ്ങൾ നിങ്ങളുടെ ലിസ്റ്റിലേക്ക് ചേർക്കുക, സ്വർണ്ണത്തിന്റെ മഹത്വം ആസ്വദിക്കുക.