Published: 10 Sep 2018
ഇന്ത്യയുടെ സ്വർണ്ണ നയങ്ങളെ കുറിച്ച് അടുത്തറിയാം
വർഷങ്ങൾ എടുത്താണ് ഇന്ത്യയുടെ സ്വർണ്ണവുമായി ബന്ധപ്പെട്ട നയങ്ങളും നിയമങ്ങളും പരിണമിച്ച് ഉണ്ടായിരിക്കുന്നത്. ഇന്നിപ്പോൾ, കൂടുതൽ സുസംഘടിതവും സുതാര്യവുമായ സമീപനമാണ് ഇന്ത്യയ്ക്ക് സ്വർണ്ണത്തിനോടുള്ളത്. ഫെബ്രുവരി 2018-ൽ, ഒരു 'അസറ്റ് ക്ലാസ്സ്' എന്ന നിലയിൽ സ്വർണ്ണത്തെ വികസിപ്പിക്കുന്നതിനുള്ള ഒരു സമഗ്രമായ സ്വർണ്ണ നയം രൂപീകരിക്കുമെന്ന് ബജറ്റ് പ്രസംഗ വേളയിൽ ധനമന്ത്രി പറയുകയുണ്ടായി. ഇതിനർത്ഥം, ഓഹരികളും ബോണ്ടുകളും പ്രോപ്പർട്ടിയും ചരക്കുകളും പോലെ, അസറ്റിന്റെ ഒരൊറ്റ കുടക്കീഴിൽ സ്വർണ്ണ നിക്ഷേപങ്ങളും വിഭാഗീകരിക്കപ്പെടും എന്നാണ്.
സമീപകാലത്ത് ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുക. ഇന്ത്യൻ ഗോൾഡ് കോയിൻ നിലവിൽ വന്നതാണ് ഒരു സംഭവവികാസം. നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഹാൾമാർക്കിംഗ് നിയമങ്ങളാണ് മറ്റൊന്ന്. ഇതൊക്കെയും ഇന്ത്യയിൽ സ്വർണ്ണം വാങ്ങുന്നതിനും വിൽക്കുന്നതിനും ഒരു വിശ്വസനീയ മാനദണ്ഡം രൂപപ്പെടുത്താൻ സഹായിക്കും. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ സ്വർണ്ണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നയ - നിയമ മാറ്റങ്ങളെ കുറിച്ച് നമുക്ക് ആഴത്തിൽ മനസ്സിലാക്കാം.
നിയന്ത്രണ കാലയളവ് (1947 - 1962)
സ്വർണ്ണത്തിന്റെ വിതരണവും ആഭ്യന്തര സ്വർണ്ണ വിലയും നിയന്ത്രിക്കുന്നതിനും കള്ളക്കടത്ത് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയങ്ങളാണ് ഈ കാലയളവിൽ കൊണ്ടുവരപ്പെട്ടത്.
ഫെറ അല്ലെങ്കിൽ ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട്(1947) വിദേശ വിനിമയവുമായി ബന്ധപ്പെട്ട പേയ്മെന്റുകളും ഇടപാടുകളും കറൻസിയുടെയും ബുള്ളിയന്റെയും ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കുന്നതിന്
1956-ൽ, , കറൻസി ഇഷ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട്, സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള 'ആനുപാതിക കരുതൽ' സംവിധാനത്തിൽ നിന്ന് 'മിനിമം കരുതൽ' സംവിധാനത്തിലേക്ക് ഇന്ത്യ മാറി. ഇതിനർത്ഥം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, 200 കോടിയുടെ സ്വർണ്ണത്തിന്റെയും ഫോറിൻ എക്സ്ചേഞ്ചിന്റെയും കരുതൽ പരിപാലിക്കണമെന്നായിരുന്നു, ഇതിൽ ചുരുങ്ങിയത് 115 കോടി പരിപാലിക്കേണ്ടത് സ്വർണ്ണത്തിലാണ്.
1962-ൽ, അന്തർദ്ദേശീയ അതിർത്തി തർക്കങ്ങൾ കാരണം ഇന്ത്യയുടെ വിദേശനിക്ഷേപ കരുതലുകളെ കാര്യമായ തോതിൽ കുറഞ്ഞു, പബ്ലിക്ക് ഫണ്ടിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രയത്നങ്ങളുടെ ഭാഗമായി, ആദ്യ ബോണ്ട് സ്കീം അവതരിപ്പിക്കപ്പെട്ടു.
നിരോധന കാലയളവ് (1963 - 1989)
1962-ൽ, സ്വർണ്ണത്തിന്റെ ഉൽപ്പാദനത്തിലും ഇടപാടിലും സർക്കാർ കുറച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതാണ് സ്വർണ്ണ നിയന്ത്രണ ചട്ടത്തിലേക്ക് (1968) നയിച്ചത്. കാരണം, അമിതമായി സ്വർണ്ണം ഇറക്കുമതി ചെയ്തിരുന്നതിനാൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിലും സ്വർണ്ണം അമിതമായി കൈവശം വയ്ക്കുന്നത് അവസാനിപ്പിക്കുന്നതിനുമാണ് ഈ ചട്ടം കൊണ്ടുവരപ്പെട്ടത്.
സ്വർണ്ണ നിയന്ത്രണ ചട്ടത്തിന് കീഴിലുള്ള നിയന്ത്രണങ്ങൾ ഇവയായിരുന്നു:
- 14 കാരറ്റിന് മേൽ ശുദ്ധതയുള്ള സ്വർണ്ണം നിർമ്മിക്കുന്നത് നിരോധിച്ചു
- വ്യക്തികൾക്ക് സ്വന്തമായി കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന്റെ അളവിന് പരിധി നിശ്ചയിച്ചു
സ്വർണ്ണത്തിന്റെ കള്ളക്കടത്ത് കുറയ്ക്കാനും രാജ്യത്തെ ബജറ്റ് കമ്മി നിയന്ത്രിക്കാനും പദ്ധതികൾ അവതരിപ്പിക്കപ്പെട്ടു. അതൊരു പദ്ധതിയായിരുന്നു 'വരുമാനവും സ്വത്തും സ്വമേധയാ വെളുപ്പെടുത്തുന്നതിനുള്ള (ഭേദഗതി) ഓർഡിനൻസ്' (1975).അതുവരെ വെളിപ്പെടുത്താത്ത സ്വത്തുവകകൾ വെളിപ്പെടുത്താൻ ഈ പദ്ധതിയിലൂടെ പൗരന്മാർ പ്രോത്സാഹിപ്പിക്കപ്പെട്ടു.
സ്വർണ്ണ ലേലങ്ങൾ നടത്തലും (1978) സ്വർണ്ണ ബോണ്ടുകൾ ഇറക്കലും ഇതേ ലക്ഷ്യത്തോടെ കൈക്കൊള്ളപ്പെട്ട ഉദ്യമങ്ങൾ ആയിരുന്നു.
ഉദാരവൽക്കരണ ഘട്ടം (1990 - 2011)
ഈ കാലയളവിൽ, സ്വർണ്ണ വ്യവസായമേഖലയ്ക്ക് മുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ എടുത്തുനീക്കാൻ സർക്കാർ തുടങ്ങി.
1990-ൽ, സർക്കാർ സ്വർണ്ണ നിയന്ത്രണ ചട്ടം . ഇല്ലാതാക്കി. സ്വതന്ത്രമായി സ്വർണ്ണം ഇറക്കുമതി ചെയ്യാൻ അനുവദിച്ചു. ഇതിനാൽ, സർക്കാരിന് ഇറക്കുമതി ചുങ്കത്തിലൂടെ വരുമാനമുണ്ടായി.
നോൺ-റെസിഡന്റ് ഇന്ത്യൻ സ്കീമും (1992) സ്പെഷ്യൽ ഇമ്പോർട്ട് ലൈസൻസ് സ്കീമും (1994) പ്രവാസികൾക്ക് ഇന്ത്യയിലേക്ക് സ്വർണ്ണം കൊണ്ടുവരാൻ അനുവദിക്കുന്നതിന്, അവതരിപ്പിക്കപ്പെട്ടു.
1997-ൽ, ഇന്ത്യയിലേക്ക് സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതിന് നിരവധി ബാങ്കുകൾക്ക് അനുമതി നൽകി.
1999-ൽ സ്വർണ്ണ നിക്ഷേപ പദ്ധതിയിലൂടെ (GDS) സർക്കാർ, നിഷ്ക്രിയ സ്വർണ്ണത്തെ സ്വരുക്കൂട്ടാൻ തുടങ്ങി, സ്വർണ്ണം നിക്ഷേപിച്ച് പലിശ വാങ്ങുന്നതിന് അങ്ങനെ സ്വർണ്ണ ഉടമകൾക്കൊരു അവസരം ലഭിച്ചു
2002 മുതൽ, സ്വർണ്ണം വാങ്ങുന്നത് കൂടുതൽ എളുപ്പമുള്ളതായി. സ്വർണ്ണ നാണയങ്ങൾ വിൽക്കുന്നതിന് ബാങ്കുകൾക്ക് അനുമതി നൽകി. 2008,ആയതോടെ, സ്വർണ്ണം വാങ്ങാൻ പ്രദേശത്തുള്ള തപാലോഫീസിൽ പോയാൽ മതിയെന്നായി.
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ETF-കൾ) നിലവിൽ വന്നതോടെ, 2007-ൽ, സ്വർണ്ണം വാങ്ങുന്നതിനും സ്വന്തമായി വയ്ക്കുന്നതിനുള്ള സൗകര്യം ഉച്ചസ്ഥായിയിലെത്തി.
ബന്ധപ്പെട്ട ലേഖനം: ഗോൾഡ് ETF-കളിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കക്കാർക്കുള്ള ഗൈഡ്
2008-ൽ, പ്രസിദ്ധമായ ആഗോള സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ, ജനങ്ങൾക്കിടയിൽ സ്വർണ്ണത്തിനോടുള്ള താൽപ്പര്യം വർദ്ധിച്ചു. ആവശ്യം വർദ്ധിച്ചതോടെ, സ്വർണ്ണ വില മൂന്നിരട്ടിയായി.
ഉദാരവൽക്കരണ ഘട്ടത്തിന്റെ അവസാനത്തിൽ, രാജ്യത്തിന് സ്വർണ്ണത്തിന്റെ ആവശ്യകതയിൽ വൻ വർദ്ധനവ് ഉണ്ടായി. 2010-ൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് 1001.7 ടൺ ആയിരുന്നു.
ഇടപെടൽ കാലയളവ് (2012 - 2013)
ആഗോള അനിശ്ചിതത്വങ്ങളും ആഭ്യന്തര ഭരണ പ്രശ്നങ്ങളും, ഇന്ത്യയുടെ കയറ്റുമതി - നിക്ഷേപ പ്രവാഹത്തെ ബാധിച്ചു. സ്വർണ്ണ ഡിമാൻഡ് കുറയ്ക്കാൻ, സർക്കാർ നയ ഇടപെടൽ അവതരിപ്പിച്ചു.
2012-നും 2013-ഉം ഇടയിൽ ഇറക്കുമതി ചുങ്കം ഇന്നിലധികം തവണ വർദ്ധിപ്പിച്ചു, അങ്ങനെ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 2 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർന്നു.
സ്വർണ്ണ നാണയങ്ങളുടെ ഇറക്കുമതിക്കും ബാങ്കുകളിലൂടെയും തപാലോഫീസുകളിലൂടെയുമുള്ള വിലപ്പനയ്ക്കും സർക്കാർ നിരോധനം ഏർപ്പെടുത്തി.
സർക്കാർ 80:20 നിയമം കൊണ്ടുവന്നതോടെ, ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ 20 ശതമാനം കയറ്റുമതി ചെയ്യുന്നതിനുള്ള ബാധ്യത ഇറക്കുമതിക്കാർക്ക് വന്നു. പുതിയ കൺസൈൻമെന്റുകൾ ഇറക്കുമതി ചെയ്യുന്നതിന് മുമ്പായി, മുമ്പത്തെ കൺസൈൻമെന്റിൽ നിന്നുള്ള സ്വർണ്ണത്തിന്റെ 20 ശതമാനമെങ്കിലും കയറ്റുമതി ചെയ്തിരിക്കണമെന്നായിരുന്നു നിയമം. ഇങ്ങനെ ചെയ്യാത്ത പക്ഷം, സ്വർണ്ണം ഇറക്കുമതി ചെയ്യാൻ നിയമം അനുവദിച്ചിരുന്നില്ല
സുതാര്യതാ നയം (2014 - 2018)
രാജ്യത്തിന്റെ എല്ലാ സാമ്പത്തിക മേഖലകളിലും സർക്കാർ സുതാര്യത പ്രോത്സാഹിപ്പിച്ച കാലയളവാണിത്.
2014-ൽ, 80:20 നിയമം ഇല്ലാതാക്കി, സ്വർണ്ണ നാണയങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനവും എടുത്തുനീക്കി..
2015-ൽ, ഗോൾഡ് മോണിറ്റൈസേഷൻ സ്കീം എന്ന പേരിൽ, 1999-ലെ സ്വർണ്ണ നിക്ഷേപ പദ്ധതി പുനരവതരിപ്പിക്കപ്പെട്ടു. അതേ വർഷം തന്നെ, സോവറിൻ ഗോൾഡ് ബോണ്ടുകളും അവതരിപ്പിക്കപ്പെട്ടു. പേപ്പർ ബോണ്ടുകളിൽ നിക്ഷേപകർക്ക് പലിശ നൽകുന്ന ബോണ്ടുകളാണിവ.
2015-ൽ, ഇന്ത്യയുടെ ആദ്യത്തെ ദേശീയ സ്വർണ്ണ നാണയം - ഇന്ത്യൻ ഗോൾഡ് കോയിൻ (IGC) - പ്രധാനമന്ത്രി അവതരിപ്പിച്ചു.
ബന്ധപ്പെട്ട ലേഖനം: ഇന്ത്യൻ ഗോൾഡ് കോയിൻ: ദേശീയ അഭിമാനത്തിന്റെ ചിഹ്നം
2016-ൽ, 2 ലക്ഷം രൂപയ്ക്ക് മുകളിൽ നടത്തുന്ന ഏതൊരു വാങ്ങലിനും പാൻ വെളിപ്പെടുത്തണമെന്ന് സർക്കാർ നിഷ്ക്കർഷിച്ചു. 12 കോടിയിലധികം വിറ്റുവരവുള്ള ജ്വല്ലറികൾ 1% എക്സൈസ് ഡ്യൂട്ടി നൽകണമെന്നും നിശ്ചയിച്ചു. 99.5 ശതമാനത്തിലധികം ശുദ്ധതയുള്ള ബ്രാൻഡഡ് സ്വർണ്ണ നാണയങ്ങൾക്ക് ചുമത്തിയിരുന്ന 1 ശതമാനം എക്സൈസ് ഡ്യൂട്ടി എടുത്തുകളയുകയും ചെയ്തു.
2018-ലെ യൂണിയൻ ബജറ്റിൽ, ഒരു 'അസറ്റ് ക്ലാസ്സ്' എന്ന നിലയിൽ സ്വർണ്ണത്തെ മാറ്റുന്നതിന്, സമഗ്രമായൊരു സ്വർണ്ണ നയം രൂപീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. രാജ്യത്ത് നിയന്ത്രിക്കപ്പെടുന്ന സ്വർണ്ണ കൈമാറ്റങ്ങളുടെ ഉപഭോതൃ സൗഹൃദമുള്ളതും വ്യാപാര കാര്യക്ഷമവുമായൊരു സംവിധാനം കൊണ്ടുവരുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ എളുപ്പത്തിൽ സ്വർണ്ണ നിക്ഷേപ അക്കൗണ്ട് തുറക്കാൻ പൗരന്മാരെ സഹായിക്കുന്നതിന് ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിനെ പരിഷ്ക്കരിക്കാനും സർക്കാരിന് പദ്ധതിയുണ്ട്.
ഇന്ത്യയിൽ സ്വർണ്ണം വാങ്ങുന്ന ജനങ്ങൾ പ്രയോജനപ്രദമായ സ്വർണ്ണ നയങ്ങളിലേക്കാണ് സർക്കാർ ശ്രദ്ധ തിരിക്കുന്നതെന്നാണ് ഈ സംഭവവികാസങ്ങൾ നൽകുന്ന സൂചന.