Published: 30 Oct 2018
മഹാരാഷ്ട്രവും സ്വർണ്ണാഭരണങ്ങളും
നൂറ്റാണ്ടുകളായി മഹാരാഷ്ട്രീയൻ സംസ്ക്കാരത്തിന്റെ ഭാഗമാണ് സ്വർണ്ണാഭരണങ്ങൾ. മറാത്താ രാജകുടുംബങ്ങളും പെഷവാർ രാജകുടുംബങ്ങളും അണിഞ്ഞിരുന്ന ആഭരണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ് മഹാരാഷ്ട്രത്തിലെ ഏതാണ്ടെല്ലാ സ്വർണ്ണാഭരണ ഡിസൈനുകളും, ഈ ആഭരണ ഡിസൈനുകൾ മഹാരാഷ്ട്രയിലെ സ്ത്രീകളുടെ വസ്ത്രത്തിന്റെ അവിഭാജ്യ ഘടകമാണ്.
പൈത്താണി സാരിയായാലും ചന്ദ്രാ കോർ ബിണ്ഡിയായാലും ലക്ഷ്മി ഹാർ ആയാലും, മഹാരാഷ്ട്രയിലെ സ്ത്രീകളുടെ രൂപഭാവത്തിന്റെ സത്തയിലേക്ക് സംഭാവന ചെയ്യുന്ന ഓരോ ഘടകങ്ങളും സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്ക്കാരിക പാരമ്പര്യത്തെ വിളിച്ചോതുന്നവയാണ്.
മഹാരാഷ്ട്രത്തിൽ നിന്നുള്ള ചില പരമ്പരാഗത സ്വർണ്ണാഭരണ ഡിസൈനുകളെ അടുത്തറിയാൻ നിങ്ങളെ സഹായിക്കുന്നതാണ് ഈ ലേഖനം:
മോഹൻ മാല
സ്വർണ്ണ മണികളുടെ 2-8 ലെയറുകൾ അടങ്ങിയിട്ടുള്ള നീണ്ട നെക്‌ലേസ് ആണ് മോഹൻ മാല. മഹാരാഷ്ട്രത്തിൽ സ്ത്രീകൾ വിവാഹ വേളയിലും, അല്ലാതെ, നിത്യേനയും മോഹൻ മാല അണിയുന്നു.
കോലാപുരി സാജ്
വിവാഹം ചെയ്തുവെന്നതിന്റെ സൂചനയായാണ് മഹാരാഷ്ട്രത്തിലെ സ്ത്രീകൾ ഈ ആഭരണം അണിയുന്നത്. വരന്റെ കുടുംബം വധുവിന് നൽകുന്ന സമ്മാനമാണിത്. കോലാപൂരിലാണ് ഈ സ്വർണ്ണാഭരണ ഡിസൈൻ ഉത്ഭവിച്ചത്. ഈ നെക്‌ലേസിൽ 21 പതക്കങ്ങളുണ്ട്. മധ്യത്തിലുള്ള പ്രധാന പതക്കത്തെ 'സാജ് ഘട്ട്' എന്ന് വിളിക്കുന്നു. സാജ് ഘട്ടിന്റെയും മറ്റ് സ്വർണ്ണ പതക്കങ്ങളുടെയും ഒരു സംയോജനമാണ് കോലാപുരി സാജ് . ഇലകളുടെ ആകൃതിയിൽ കൂട്ടിച്ചേർത്തിരിക്കുന്ന 21 പതക്കങ്ങളാണ് ഇതിലുള്ളത്. ഈ 21 പതക്കങ്ങളിലെ പത്തെണ്ണം, മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ സൂചിപ്പിക്കുന്നു, 8 എണ്ണം സൂചിപ്പിക്കുന്നത് അഷ്ടമംഗല്യത്തെയാണ്, ഒരെണ്ണം 'തവീസ്' (ദുഷ്ടശക്തികളിൽ നിന്നുള്ള പരിരക്ഷ) ആണ്. ബാക്കിയുള്ള രണ്ടെണ്ണമാകട്ടെ പവിഴവും മരതകവുമാണ്.
ലക്ഷ്മി ഹാർ
പുത്‌ലി ഹാർ, കോയിൻ നെക്‌ലേസ്, ടെമ്പിൾ നെക്‌ലേസ് എന്നൊക്കെ അറിയപ്പെടുന്ന ലക്ഷ്മി ഹാർ, പട്ടുനൂലിൽ കോർത്ത സ്വർണ്ണ നാണയങ്ങളുള്ള ഒരു നെക്‌ലേസാണ്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ ചിത്രങ്ങൾ ഈ നാണയങ്ങളിൽ ഉണ്ടായിരിക്കും. പതിനേഴാം നൂറ്റാണ്ട് മുതൽ മഹാരാഷ്ട്രയിലെ സ്ത്രീകളുടെ ആഭരണ ശേഖരത്തിന്റെ അവിഭാജ്യ ഘടകമാണിത്.
ടോഡെ
കൊത്തുവേലകളുള്ള സ്വർണ്ണ വളയാണിത്. ഇതിന് 250 മുതൽ 300 ഗ്രാം വരെ തൂക്കം ഉണ്ടായിരിക്കും. കൈകൾ കൊണ്ടാണ് ഈ സ്വർണ്ണ വള നിർമ്മിക്കുന്നത്. മനോഹരമായൊരു ടോഡെ നിർമ്മിക്കാൻ ഏകദേശം ഒരു മാസം എടുക്കും. പച്ച നിറങ്ങളുള്ള ഗ്ലാസ്സ് വളകൾക്കൊപ്പം ഇത്തരം ടോഡെ വളകൾ അണിഞ്ഞിട്ടുള്ള മഹാരാഷ്ട്ര സ്ത്രീകളെ നിങ്ങൾ കണ്ടിട്ടുണ്ടാകും. വരന്റെ കുടുംബം വധുവിന് സമ്മാനമായി നൽകുന്ന ഒരു ആഭരണമാണ് ടോഡെയും.
വാകി
ബാജൂബാൻഡ് അല്ലെങ്കിൽ കൈവള എന്നും ഈ ആഭരണത്തെ വിളിക്കുന്നു. പരമ്പരാഗതമായി ഇത്തരം വളകൾ അണിഞ്ഞിരുന്നത് ഇരുകൈകളിലും ആയിരുന്നു. എന്നാൽ ഇപ്പോൾ, മഹാരാഷ്ട്രയിലെ സ്ത്രീകൾ ഒരു കൈയിൽ മാത്രമാണ് ഇത് ധരിക്കുന്നത്. മനോഹരങ്ങളായ മോട്ടീഫുകൾ ഇത്തരം വളകളിൽ കാണാം.
അംബാഡ വേണി ഫൂൽ
ഭൂരിഭാഗം മഹാരാഷ്ട്ര വനിതകളും അണിയുന്ന 22 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു ഹെയർ പിന്നാണ് അംബാഡ വേണി ഫൂൽ. വ്യത്യസ്ത മോട്ടീഫുകൾ ഉപയോഗിച്ച് ഇതിൽ കൊത്തുവേലകൾ ചെയ്തിട്ടുണ്ടായിരിക്കും. ഏറ്റവും ജനപ്രിയ മോട്ടീഫ്, ജോവാർ ബീഡുകൾക്ക് ഒപ്പമുള്ള സൂര്യകാന്തി പുഷ്പമാണ്.
തുഷി
ഏതൊരു മഹാരാഷ്ട്ര വനിതയും അഭിമാനത്തോടെ അണുയുന്ന ആഭരണമാണിത്. തുഷി ഒരു ചോക്കർ സ്റ്റൈലിലുള്ള നെക്‌ലേസാണ്. സങ്കീർണ്ണമായ ലെയറുകൾ തീർക്കാൻ വ്യത്യസ്ത വലുപ്പത്തിൽ പെട്ട സ്വർണ്ണ മണികൾ ഈ നെക്‌ലേസിൽ കോർത്തിട്ടുണ്ടാകും. ഈ നെക്‌ലേസിലെ സ്വർണ്ണ മണികൾ സൂചിപ്പിക്കുന്നത്, വധുവിന്റെ പുതിയ ഗൃഹത്തിൽ എപ്പോഴും സമൃദ്ധിയും ഭക്ഷണഭോജ്യങ്ങളും ഉണ്ടാവുമെന്നാണ്.
മഹാരാഷ്ട്രയിൽ നിന്നുള്ള സ്വർണ്ണാഭരണങ്ങൾക്ക് ലോകമെങ്ങും പ്രസിദ്ധിയുണ്ട്. സങ്കീർണ്ണമായ ഡിസൈനുകൾക്കും ഈ ആഭരണങ്ങൾ പേരുകേട്ടതാണ്. സംസ്ഥാനത്തെ ആചാരാനുഷ്ഠാനങ്ങളിലും പാരമ്പര്യ ചടങ്ങുകളിലും ഈ ആഭരണങ്ങൾക്ക് അവിഭാജ്യമായ സ്ഥാനമാണുള്ളത്.