Published: 01 Sep 2017

മംഗളസൂത്രം - പ്രണയത്തിന്റെ വിശുദ്ധ നൂൽ

Gold Mangalsutra design

ഇന്ത്യൻ വിവാഹങ്ങളെ പാശ്ചാത്യ മാധ്യമങ്ങൾ പലപ്പോഴും തമാശ രൂപത്തിൽ വിശേഷിപ്പിക്കാറ് 'ദ ബിഗ് ഫാറ്റ് ഇന്ത്യൻ വെഡ്ഡിംഗ്' എന്നാണ്. ഇന്ത്യൻ വിവാഹാവസരങ്ങളിൽ നടക്കുന്ന ചടങ്ങുകളുടെ ബാഹുല്യവും ആഘോഷങ്ങളും പരിഗണിക്കുമ്പോൾ ഈ പ്രയോഗം അനുയോജ്യമാണെന്ന് കാണാം. ഇന്ത്യയിൽ വിവാഹമെന്ന കർമ്മം വിശുദ്ധമാണ്. അതുപോലെ തന്നെയാണ് വിവാഹത്തിന്റെ അടയാളമായി സ്ത്രീകൾ അണിയുന്ന മംഗളസൂത്രവും.

ഇന്ത്യയുടെ സാംസ്ക്കാരിക വൈവിധ്യത്തെ പരിഗണിക്കുകയാണെങ്കിൽ, വിവാഹത്തിന്റെ സൂചകമായി സ്ത്രീകൾ അണിയുന്ന അടയാളം വ്യത്യസ്തങ്ങളാണ്. സംസ്ഥാനവും ജാതിയും സമൂഹവും അനുസരിച്ച് ഈ അടയാളം വ്യത്യാസപ്പെടും. രാജ്യത്തിന് നാനാത്വം ഉണ്ടെന്നിരിക്കിലും, വിവാഹത്തിന്റെ വിശുദ്ധ നൂലായ മംഗളസൂത്രം, പല തരത്തിലും ഭാവത്തിലും ഏതാണ്ടെല്ലാ മതവിഭാഗങ്ങളിലും ധരിക്കപ്പെടുന്നു.

ഇന്ത്യയിൽ വിവിധ മേഖലകളിൽ കാണപ്പെടുന്ന മംഗളസൂത്രത്തിന്റെ വ്യത്യസ്ത രൂപങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.


തമിഴ്നാട്ടിലെ താലി കൊടി:

വധുവിന്റെ കഴുത്തിൽ വരൻ ആദ്യമായി താലി കെട്ടുന്ന ചടങ്ങിനെ മംഗള ധാരണം എന്ന് പറയുന്നു. ഈ ചടങ്ങ് കഴിയുന്നതോടെ വധു "സുമംഗലി" ആയി മാറുന്നു. അതായത് 'വിവാഹിതയായ സ്ത്രീ' ആയി മറുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ആഭരണങ്ങളിൽ ഒന്നാണ് താലി. ദേവസേനയും യുദ്ധദേവനായ സ്കന്ദനും തമ്മിലുള്ള വിവാഹം വിവരിക്കുന്ന വേളയിൽ പുരാണങ്ങളിൽ 'താലി' പരാമർശിക്കപ്പെടുന്നുണ്ട്. താലി കൊടി എന്ന പേര് തിരുമാംഗല്യം, മാംഗല്യം, താലി അല്ലെങ്കിൽ കൊടി എന്നൊക്കെ തമിഴ്നാട്ടിൽ വിശേഷിപ്പിച്ച് വരുന്നു.


കേരളത്തിലെ താലി, മിന്ന്:

'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് അറിയപ്പെടുന്ന കേരളത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും മറ്റ് ന്യൂനപക്ഷ മത വിഭാഗങ്ങളും ഉണ്ട്. മംഗളസൂത്രത്തെ കേരളത്തിലെ ഹിന്ദുക്കൾ 'താലി' എന്നും ക്രിസ്ത്യാനികൾ 'മിന്ന്' എന്നും വിശേഷിപ്പിക്കുന്നു. ഹൃദയത്തിന്റെ ആകൃതിയിലുള്ള സ്വർണ്ണ പതക്കത്തിൽ ക്രിസ്ത്യാനികളുടെ അടയാളമായ കുരിശുരൂപം പതിച്ചിട്ടുള്ളതാണ് ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന മംഗളസൂത്രം. വധു, വരൻ, വധൂവരന്മരുടെ മാതാപിതാക്കൾ, സഭ എന്നീ ആശയങ്ങളെ സൂചിപ്പിക്കുന്നതിന് ക്രിസ്ത്യൻ മംഗളസൂത്രത്തിൽ ഏഴ് സ്വർണ്ണ ത്രെഡുകൾ കാണാം.


ആന്ധ്രാപ്രദേശിലെ പുസ്തേലു:

ഇന്ത്യയിൽ പൊതുവെ, മംഗളസൂത്രം വരനാണ് വധുവിന് വേണ്ടി വാങ്ങുക. എന്നാൽ, ആന്ധ്രാപ്രദേശിൽ ഈ ആചാരം വ്യത്യസ്തമാണ്. ആന്ധ്രാപ്രദേശിലെ സ്ത്രീകൾ അണിയുന്ന 'പുസ്തേലു' എന്നറിയപ്പെടുന്ന മംഗളസൂത്രത്തിന് രണ്ട് ഉരുണ്ട ഡിസ്ക്കുകൾ ഉണ്ടായിരിക്കും. ഇവയിലോരോന്നും വാങ്ങുക വധുവിന്റെയും വരന്റെയും മാതാപിതാക്കളായിരിക്കും. മഞ്ഞ നൂല് കൊണ്ടോ സ്വർണ്ണ മാലകൊണ്ടോ ഈ ഡിസ്ക്കുകൾ പിണയ്ക്കുന്നു. ഇവയെ വേർതിരിക്കുന്നതിന് കറുത്ത, കോറൽ ബീഡുകളും ഉപയോഗിക്കുന്നു. വിവാഹ ചടങ്ങ് സമയത്ത്, വരൻ മൂന്ന് കെട്ട് ഇട്ടുകൊണ്ട് മംഗളസൂത്രം വധുവിനെ അണിയിക്കുന്നു.

വിവാഹം കഴിഞ്ഞ് പതിനാറാം ദിവസം ഈ ഉരുണ്ട ഡിസ്ക്കുകൾ ഒരുമിപ്പിക്കുന്നു. കുടുംബത്തിലെ മുതിർന്നയാളോ വരൻ തന്നെയോ നടത്തുന്ന ചെറിയ ചടങ്ങിൽ വച്ചാണ് ഡിസ്ക്കുകൾ ഒരുമിപ്പിക്കുക. മറ്റ് സ്ത്രീകൾ കാണാതെ പുസ്തേലു മറയ്ക്കണമെന്നാണ് വിശ്വസിച്ച് പോരുന്നത്..


ഗുജറാത്തിലെ പരമ്പരാഗത മംഗളസൂത്രം:

ഗുജറാത്ത് സംസ്ഥാനത്തിൽ, കറുത്ത മണികൾ ഘടിപ്പിച്ച സ്വർണ്ണ വയറുകളും പരമ്പരഗത മംഗളസൂത്രത്തിന്റെ ആകൃതിയിലുള്ള സങ്കീർണ്ണമായ പതക്കവുമാണ് അണിയുന്നത്.


മഹാരാഷ്ട്രയിലെ മംഗളസൂത്രം:

ഗുജറാത്തിൽ അണിയുന്നതിനോട് സമാനമാണ് മഹാരാഷ്ട്രയിലെ മംഗളസൂത്രം. വർണ്ണ വയറുകളിൽ കറുത്ത മണികളുടെ രണ്ട് സ്ട്രാൻഡുകളും രണ്ട് ചെറിയ സ്വർണ്ണ ബൗളുകളും അടങ്ങുന്നതാണ് മഹാരാഷ്ട്രയിലെ മംഗളസൂത്രം. മണികളുടെ രണ്ട് സ്ട്രാൻഡുകൾ സൂചിപ്പിക്കുന്നത് വധുവിനെയും വരനെയുമാണ്. കറുത്ത മണികൾ ദുഷ്ടശക്തികളെ അകറ്റി നിർത്തുമെന്ന് വിശ്വസിക്കുന്നു. സ്വർണ്ണ ബൗളുകൾ സൂചിപ്പിക്കുന്നത് ശിവനെയും ശക്തിയെയുമാണ്.


കർണാടകത്തിലെ കർത്തമണി പതക്ക്:

കർണാടകത്തിലെ കുടക് മേഖലയിലുള്ള കൊഡവ സമുദായത്തിൽ പെട്ട വധുമാർ അണിയുന്ന സ്വർണ്ണാഭരണത്തിന്റെ രണ്ട് വ്യത്യസ്ത ഘടകങ്ങളാണ് കർത്തമണിയും പതക്കും. പതക്ക് എന്ന് പറയുന്നത് വലിയൊരു സ്വർണ്ണ നാണയ പതക്കമാണ്. ഇതിൽ ലക്ഷ്മി ദേവിയെയോ വിക്ടോറിയ രാജ്ഞിയെയോ കൊത്തിയിരിക്കും. പതക്കത്തിന്റെ അരികുകളിൽ ചെറിയ ചുവപ്പ് കല്ലുകൾ പതിച്ചിരിക്കും. ഫലഭൂയിഷ്ഠതയെ സൂചിപ്പിക്കുന്ന മൂർഖൻ പാമ്പിന്റെ രൂപവും പതക്കത്തിൽ ഉണ്ടാകും. ചിലരാകട്ടെ, ശുദ്ധജലത്തിൽ ഉണ്ടാകുന്ന പവിഴങ്ങൾ ഈ പതക്കത്തിൽ തൂക്കിയിടുന്നതും കണ്ടുവരുന്നുണ്ട്.

പതക്കിനൊപ്പം അണിയുന്ന നെക്ലേസിനെ വിളിക്കുന്ന പേരാണ് "കർത്തമണി". പവിഴവും സ്വർണ്ണ മണികളും നൂലിൽ കോർത്തുകൊണ്ടാണ് ഈ നെക്ലേസ് നിർമ്മിക്കുന്നത്. വിവാഹത്തിന് ഒരു ദിവസം മുമ്പാണ് കൊഡവ വധു ഈ കർത്തമണി പതക്ക് ധരിക്കുന്നത്. കൊഡവ ആചാരം മറ്റ് ഭാഗങ്ങളിലെ ആചാരങ്ങളിൽ നിന്ന് വിഭിന്നമാണ്. വധുവിന് വരനല്ല മാല ചാർത്തുക, പകരം വധുവിന്റെ അമ്മയാണ്. വിവാഹത്തിന്റെ തലേ ദിവസം ഈ ചടങ്ങ് അരങ്ങേറുന്നു.


ബീഹാറിലെ ടാഗ് പാഗ്:

മഹാരാഷ്ട്രയിലേതിന് സമാനമായ മംഗളസൂത്രമാണിത്. എന്നാൽ, ഇവിടെ പതക്കം തിരഞ്ഞെടുക്കുന്നത് വധുവാണ്.

ഇപ്പോൾ, ഇന്ത്യയിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന പ്രധാന മംഗളസൂത്രങ്ങളെ കുറിച്ച് നിങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.