Published: 22 Oct 2018
റോമൻ സാമ്രാജ്യത്തിൽ സ്വർണ്ണത്തിന്റെ പ്രാധാന്യം
ആദ്യമായി മനുഷ്യൻ സ്വർണ്ണത്തെ അറിഞ്ഞത് ബിസി 3000-ത്തിലാണെന്ന് ഏതാണ്ട് അനുമാനിക്കാം. ഈ കാലം മുതൽ, പുരാതന സംസ്ക്കാരങ്ങളിൽ സ്വർണ്ണം ഗണ്യമായൊരു പ്രാധാന്യം നേടിയെടുത്തു.
ജനപ്രിയ കറൻസിയായി സ്വർണ്ണത്തെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിച്ചതിന്റെ ക്രെഡിറ്റ് റോമാക്കാർക്ക് അവകാശപ്പെടാവുന്നതാണ്രോമൻ കാലഘട്ടത്തിൽ സ്വർണ്ണം പൊതുവായി ഉപയോഗിച്ചിരുന്നത് ആഭരണങ്ങൾ നിർമ്മിക്കുന്നതിനായിരുന്നു. സമൃദ്ധിയുടെയും സമ്പത്തിന്റെയും അടയാളമായിരുന്നു സ്വർണ്ണാഭരണങ്ങൾ.
കാലം കടന്ന് പോയപ്പോൾ പാത്രങ്ങളും വീട്ടുപകരണങ്ങൾ നിർമ്മിക്കുവാൻ സ്വർണ്ണം ഉപയോഗിക്കപ്പെട്ടു, എന്നാൽ അതിസമ്പന്നർക്ക് മാത്രമേ ഇതിന് കഴിയുമായിരുന്നുള്ളൂ. വീട്ടിൽ എത്രത്തോളം സ്വർണ്ണമുണ്ടോ അത്രത്തോളം കുടുംബത്തിന് സമൃദ്ധിയുണ്ടാകും എന്നായിരുന്നു വിശ്വാസം.
മരിച്ചവർക്കൊപ്പം സ്വർണ്ണം അടക്കം ചെയ്യുന്ന സമ്പ്രദായം റോമാക്കാർക്ക് ഇടയിൽ ഉണ്ടായിരുന്നു, മരണാനന്തര ജീവിത സമയത്ത് ഈ സ്വർണ്ണം മരിച്ചവർക്ക് ഉപയോഗിക്കാനാകും എന്ന് അവർ കരുതി.
എവിടെ നിന്നാണ് റോമാക്കാർക്ക് സ്വർണ്ണം ലഭിച്ചിരുന്നത്?
സത്യത്തിൽ, റോമാ സാമ്രാജ്യത്തിൽ സമ്പന്നമായ ധാതു വിഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. റോമാ സാമ്രാജ്യത്തിൽ ആദ്യമായി സ്വർണ്ണം കണ്ടെത്തിയത് ആൽപ്സ് പർവതത്തിന്റെ വടിഞ്ഞാറ് ഭാഗത്തും പീഡ്മോണ്ടിന്റെ തെക്കുമായി ഒഴുകിയിരിക്കുന്ന പോ നദിയിലാണ്. റോമാ സാമ്രാജ്യത്തിലെ സ്വർണ്ണത്തിന്റെ ചരിത്രം കണക്കിലെടുക്കുകയാണെങ്കിൽ, രണ്ടാം പ്യൂണിക് യുദ്ധമാണ് (218-201 ബിസി) ഈ ചരിത്രത്തിന്റെ ഗതി തിരിച്ച് വിട്ടത്.
ഈ യുദ്ധത്തിലാണ് റോമാക്കാർക്ക് സ്പെയിൻ കീഴടങ്ങിയത്. ഇതോടെ അഡുവാർ ബേസിനിൽ നിന്നും മലാഗ ജില്ലയിൽ നിന്നും ഗ്രാനഡയുടെ താഴ്വാരങ്ങളിൽ നിന്നും സിയറ നിവേഡ പർവതങ്ങളുടെ ചെരിവുകളിൽ നിന്നും റോമാക്കാർ സ്വർണ്ണം കുഴിച്ചെടുക്കാൻ തുടങ്ങി. ഇപ്പോഴും ഈ പ്രദേശങ്ങളിൽ സ്വർണ്ണത്തിന്റെ അംശം കാണാവുന്നതാണ്. സ്വർണ്ണം ധാരാളമായി റോമിലെത്താനുണ്ടായ മറ്റൊരു പ്രധാന കാരണം, ജൂലിയസ് സീസർ ഇംഗ്ലണ്ട് കീഴടക്കിയതാണ്.
അങ്ങനെ റോമൻ സാമ്രാജ്യം വളർന്നതോടെ, സ്വർണ്ണത്തിന് വേണ്ടിയുള്ള ആർത്തിയും വളർന്നു. റോമാ സാമ്രാജ്യത്തിന്റെ ഓരോ വിജയങ്ങളും അവർക്ക് കൂടുതൽ സ്വർണ്ണ ഖനികൾ സമ്മാനിച്ചു. വെർസെല്ലായി, റൈൻ നദി, മധ്യ ആഫ്രിക്കയുടെ അറ്റ്ലാറ്റിക്ക് തീരം, ഈജിപ്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നൊക്കെ റോമിലേക്ക് സ്വർണ്ണം ഒഴുകാൻ തുടങ്ങി. ഇതോടൊപ്പം, ലോകത്തിന്റെ മറ്റ് ഇടങ്ങളിൽ നിന്നും അവിടേക്ക് സ്വർണ്ണമെത്തി. എഡി 49-ൽ, ക്ലോഡിയസ് ചക്രവർത്തിയുടെ ഭാര്യയായ അഗ്രിപ്പിന സ്വർണ്ണ നൂലുകൾ കൊണ്ട് നിർമ്മിച്ച മേലാട ധരിച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്നു. കാലം കടന്ന് പോയപ്പോൾ, റോമിൽ സ്വർണ്ണം വളരെയേറെ വർദ്ധിക്കുകയും, അവർ ശുദ്ധ സ്വർണ്ണം കൊണ്ട് ഭീമൻ പ്രതിമകൾ വരെ പണികഴിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.
റോമൻ സ്വർണ്ണാഭരണങ്ങൾ
റോമൻ സാമ്രാജ്യത്തെ സംബന്ധിച്ചിടത്തോളം, സ്വർണ്ണം സൂചിപ്പിച്ചിരുന്നത് വ്യക്തിയുടെ സമ്പത്ത്, സമൃദ്ധി, സാമൂഹിക നില എന്നിവയാണ്.
ദൈവങ്ങളുടെ ലോഹമായി സ്വർണ്ണം കരുതപ്പെട്ടിരുന്നതിനാലും, സൂര്യനിൽ നിന്നാണ് സ്വർണ്ണം ഉണ്ടായതെന്ന് വിശ്വസിക്കപ്പെട്ടിരുന്നതിനാലും, ആഭരണങ്ങൾ നിർമ്മിക്കുന്നതിനായി സ്വർണ്ണം പരക്കെ ഉപയോഗിക്കപ്പെട്ടു. ആൺകുട്ടികൾ ജനിക്കുമ്പോൾ തന്നെ, റോമാക്കാർ അവർക്ക് ഏലസ്സ് കെട്ടിയിരുന്നു. 'ബുല്ല' എന്നായിരുന്നു ഈ ഏലസ്സിന്റെ പേര്. ദുഷ്ട ശക്തികളിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനുള്ള ഒരു കവചമായാണ് ബുല്ല അറിയപ്പെട്ടിരുന്നത്. ലിംഗോപാസനാ സിംബലുകളുള്ള സ്വർണ്ണ മോതിരങ്ങളും ആൺകുട്ടികൾ ധരിച്ചിരുന്നു. ഇത്തരം മോതിരങ്ങൾ ധരിക്കാൻ ഭാഗ്യം വരുമെന്നായിരുന്നു അവരുടെ വിശ്വാസം. ഇപ്പോഴും മോതിരങ്ങൾ ജനപ്രിയം തന്നെ. വാസ്തവത്തിൽ, പുരുഷന്മാർ ധരിക്കുന്ന ഏക ആഭരണവും മോതിരങ്ങൾ തന്നെയാകാം.
നെക്ലേസുകൾ, ബ്രേസ്ലെറ്റുകൾ, കങ്കണങ്ങൾ എന്നിങ്ങനെയുള്ള ആഭരണങ്ങൾ ധരിക്കാൻ റോമൻ സ്ത്രീകൾ ഇഷ്ടപ്പെട്ടു. അവർ കൈകളിൽ അണിഞ്ഞിരുന്ന സ്വർൺനാഭരണങ്ങളുടെ എണ്ണം എല്ലായ്പ്പോഴും ഏഴിനും മുകളിലായിരുന്നു. സ്വർണ്ണം ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ള, ചുരുണ്ട് കിടക്കുന്ന സർപ്പാകൃതിയിലുള്ള ബ്രേസ്ലെറ്റുകൾ പുരുഷന്മാർക്കിടയിൽ ജനപ്രിയമായിരുന്നു. അനശ്വരതയെയാണ് ഇത്തരം ഡിസൈൻ പ്രതിനിധാനം ചെയ്യുന്നതെന്ന് അവർ വിശ്വസിച്ചു.
റോമൻ സ്വർണ്ണ നാണയങ്ങൾ
റോമൻ സാമ്രാജ്യത്തിലെ അടിസ്ഥാന സ്വർണ്ണ സാമ്പത്തിക യൂണിറ്റിന്റെ പേര് 'ഔരേയൂസ്' എന്നായിരുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ? ബിസി മൂന്നാം നൂറ്റാണ്ടിന്റെ മധ്യം മുതൽ എഡി മൂന്നാം നൂറ്റാണ്ടിന്റെ മധ്യം വരെ 'ഔരേയൂസ്' പ്രാബല്യത്തിൽ ഉണ്ടായിരുന്നു.
ഈ കാലഘട്ടത്തിൽ, സ്വർണ്ണം റീസൈക്കിൾ ചെയ്യുകയും സ്വർണ്ണ നാണയങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഭരിച്ചിരുന്ന ചക്രവർത്തിയുടെ മുഖമാണ് നാണയങ്ങളിൽ ആലേഖനം ചെയ്തിരുന്നത്. കണ്ടെത്തിയ സ്വർണ്ണ നാണയങ്ങളിൽ പലതിനും കാണുന്നത് അഗസ്റ്റർ ചക്രവർത്തിയുടെ മുഖമാണ്.
റോമാക്കാർ, സ്പെയിനിൽ ഹൈഡ്രോളിക്ക് ഖനനം കണ്ടെത്തിയതോടെ സ്വർണ്ണ ഖനനം വളരെ ചെലവേറിയ ഒന്നായി മാറി. ആഴമുള്ള ഖനികളിൽ നിന്ന് ലഭിച്ചിരുന്നതിനേക്കാൾ സ്വർണ്ണം ഈ രീതി കൊണ്ട് ഖനനം ചെയ്തെടുക്കാൻ ആയെങ്കിലും, നദികൾ വഴിമാറിയൊഴുകാനും ചില നദികൾ നശിച്ച് പോകാനും ഇത് ഇടവരുത്തി. റോമാക്കാർ സ്വർണ്ണം ഖനനം ചെയ്യുകയും നാണയങ്ങൾ അടിക്കുകയും, തങ്ങളുടെ സാമ്രാജ്യത്തിന് പുറത്തുള്ള രാജ്യങ്ങളീൽ വരെ ഈ നാണയങ്ങൾ വിനിമയത്തിന് ഉപയോഗിക്കുകയും ചെയ്തു.
പുരാതന റോമിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് സ്വർണ്ണം നടത്തിയ സംഭാവന ചെറുതല്ല. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായി റോമാ സാമ്രാജ്യം ഉയർന്ന് വന്നത് സ്വർണ്ണത്തിന്റെ പിൻബലത്തിലാണ്. തുടർന്ന് വന്ന പല സംസ്ക്കാരങ്ങളെയും റോമാക്കാരുടെ സ്വർണ്ണത്തോടുള്ള പ്രണയം പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിലപിടിപ്പുള്ള ലോഹത്തോടുള്ള ലോകത്തിന്റെ സമീപനം തന്നെ റോമാ സാമ്രാജ്യം മാറ്റിത്തീർത്തു.