Published: 27 Sep 2017
സ്വർണ്ണത്തിന്റെ നാനോകണങ്ങൾ – ചെറുതിന്റെ വലിപ്പം
നാനോ മീറ്ററുകളെപ്പറ്റി ആലോചിക്കുമ്പോൾ നമുക്ക് വളരെ, വളരെ ചെറുതായി ചിന്തിക്കേണ്ടി വരും. ഒരു മീറ്ററിന്റെ നൂറുകോടിയിലൊരംശമാണ് ഒരു നാനോമീറ്റർ. ഒരു മില്ലിമീറ്ററിനെ ദശലക്ഷം കഷണങ്ങളാക്കിയാൽ എങ്ങനെയിരിക്കും? അത്തരമൊരു തലത്തിൽ സാങ്കേതികവിദ്യ പ്രവർത്തിക്കുമ്പോൾ അതൊരിന്ദ്രജാലം പോലെ തോന്നിപ്പിക്കും. ആ അവസ്ഥയിൽ ഒരു ലോഹമെന്ന നിലയിൽ സ്വർണ്ണത്തിന് വിസ്മയങ്ങൾ സൃഷ്ടിക്കാൻ കഴിയും.
ദന്തചികിത്സയുൾപ്പടെ പലതരം രോഗചികിത്സകൾക്കായി സ്വർണ്ണം നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. അതും യാതൊരുവിധ ഹാനികരമായ പാർശ്വഫലങ്ങളുമില്ലാതെ. സ്വാഭാവികമായും, ഗവേഷകർ ചികിത്സാരംഗത്തെ ഉപയോഗങ്ങൾക്കായി സ്വർണ്ണത്തിന്റെ നാനോകണങ്ങളെ പരീക്ഷണവിധേയമാക്കിയിട്ടുണ്ട്. സ്വർണ്ണത്തെ അപേക്ഷിച്ച് പ്ലാറ്റിനവും വെള്ളിയും പല സന്ദർഭങ്ങളിലും വിഷലിപ്തമാകുന്നതായി കണ്ടു.
വലിയ സ്വർണ്ണകണങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത ഇടങ്ങളിൽ പ്രവർത്തിക്കാൻ നാനോകണങ്ങൾക്ക് സാധിക്കുമെന്നത് ഒട്ടേറെ പുതിയ മേഖലകളിൽ സ്വർണ്ണത്തെ ഉപയോഗപ്രദമാക്കുന്നു. സ്വർണ്ണത്തിന്റെ നാനോകണങ്ങൾ, ശരീരത്തിന്റെ, അർബുദമുള്ള ട്യൂമറുകൾ പോലെയുള്ള, രോഗബാധിത ഭാഗങ്ങളിലേക്ക് ആകർഷിക്കപ്പെടും. അതിനാൽ, ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധ തന്മാത്രകൾക്കൊപ്പം, സ്വർണ്ണത്തിന്റെ നാനോകണങ്ങൾ ചേർത്തിട്ടുള്ള തന്മാത്രകൾ കൂട്ടിയോജിപ്പിച്ച് ശാസ്ത്രജ്ഞർ ഔഷധ പ്രയോഗം നടത്തുന്നു. അതുവഴി, ഈ ഔഷധമിശ്രിതം കൃത്യമായി രോഗബാധിത പ്രദേശങ്ങളിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാകും.
ശാസ്ത്രജ്ഞൻമാർ സ്വർണ്ണനാനോകണങ്ങളുടെ മറ്റുപയോഗങ്ങളും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അത്രയേറെ ചെറുതാണെങ്കിലും – ഒരു മില്ലിമീറ്ററിന്റെ ദശലക്ഷത്തിലൊരംശം – ആ ചെറുപ്പത്തിന് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ശരീരത്തിൽ ഫലപ്രദമായി മരുന്നുകൾ എത്തിക്കുന്നതിന് 5 നാനോമീറ്ററാണ് അംഗീകൃത വലിപ്പം. എന്നാൽ വലിപ്പത്തിൽ ഭേദഗതികൾ വരുത്തി ശാസ്ത്രജ്ഞൻമാർക്ക് നാനോകണങ്ങളുടെ ആഗിരണശേഷി മെച്ചപ്പെടുത്താൻ കഴിയും. അതായത്, അവയ്ക്ക് വെളിച്ചത്തെ വലിച്ചെടുത്ത് താപമാക്കിമാറ്റി മാറ്റാൻ സാധിക്കുന്നു. അത് കാൻസർ വളർത്തുന്ന കോശങ്ങളെ നശിപ്പിക്കാൻ സാഹായിക്കുന്നു.
മെഡിക്കൽ ഉപകരണങ്ങളാണ് സ്വർണ്ണം ഉപയോഗിക്കാൻ അനുയോജ്യമായ മറ്റൊരു മേഖല. സ്വർണ്ണത്തിന്റെ അപാരമായ ജൈവപൊരുത്തമാണ് അതിനുകാരണം. നിലവിൽ മെഡിക്കൽ ഉപകരണങ്ങളിൽ സ്വർണ്ണം നേരിട്ട് ഉപയോഗിക്കാവുന്ന നിരവധി മേഖലകളുണ്ട്. ഉദാഹരണത്തിന്, ഹൃദയപേശിയെ ഉത്തേജിപ്പിക്കുന്ന ഉപകരണമായ പേസ്മേക്കറിന്റെ കമ്പികളിൽ ഉപയോഗിക്കാം; ഹൃദ്രോഗചികിത്സയ്ക്ക് സ്വർണ്ണം പൂശിയ സ്റ്റെന്റുകൾ ഉപയോഗിക്കാം. സ്വർണ്ണം എക്സറേയിൽ വ്യക്തമായി കാണുന്ന വസ്തുവാകയാൽ സ്റ്റെന്റുകളുടെ ശരിയായി സ്ഥാനനിർണ്ണയത്തെ സഹായിക്കുന്നു.
ബാക്ടീരിയകൾ കുടിയേറി പാർക്കാത്തതിനാൽ ശരീരത്തിനുള്ളിൽ സ്ഥാപിക്കുന്ന അണുബാധ സാധ്യതയുള്ള ഇംപ്ലാന്റുകൾക്ക് (കേൾവിശക്തി കുറഞ്ഞവരുടെ ചെവിക്കുള്ളിൽ സ്ഥാപിക്കുന്ന കോക്ലിയർ ഇംപ്ലാന്റ് തുടങ്ങിയവയ്ക്ക്) ഏറ്റവും അനുയോജ്യമായ ലോഹമാണ് സ്വർണ്ണം. ഉദാഹരണത്തിന്, ചെവിയിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കുന്ന സമയത്ത്, കർണ്ണപട രന്ധ്രത്തിലെ (ടിംപാനിക്ക് കാവിറ്റി) ദ്രവാംശം വലിച്ചെടുക്കാനും താൽക്കാലികമായി വായു പ്രവേശിപ്പിക്കാനും സ്വർണ്ണം പൂശിയ 'മിരിൻജോട്ടമി' ട്യൂബുകൾ ഉപയോഗിക്കുന്നു. ചെവിക്കല്ലിലെ ദ്രവാംശം വലിച്ചെടുക്കാനോ മർദ്ദം കുറയ്ക്കാനോ ശസ്ത്രക്രിയയിലൂടെ ദ്വാരമുണ്ടാക്കുന്ന പ്രക്രിയയെയാണ് മിരിൻജോട്ടമി എന്ന് വിളിക്കുന്നത്.
ഒരുപക്ഷേ ചികിത്സാരംഗത്ത് മാത്രമായിരിക്കാം ഉപയോഗിച്ച സ്വർണ്ണത്തിന്റെ വില അതിന്റെ തൂക്കത്തേക്കാൾ ആയിരക്കണക്കിന് മടങ്ങ് മൂല്യം ഉള്ളതാകുന്നത്. അത് സ്വർണ്ണത്തെ കൂടുതൽ അമൂല്യമാക്കുന്നു.