Published: 12 Sep 2017
ഹാൾമാർക്ക് ചെയ്ത സ്വർണ്ണവും കെഡിഎം സ്വർണ്ണവും തമ്മിലുള്ള വ്യത്യാസം
രണ്ട് രീതിയിലാണ് ഇന്ത്യയിൽ സ്വർണ്ണം വാങ്ങപ്പെടുന്നത്. ആഭരണങ്ങളായി അണിയുന്നതിനുള്ള സ്വർണ്ണവും നിക്ഷേപമായി വാങ്ങപ്പെടുന്ന നാണയങ്ങളും ബാറുകളും. സ്വർണ്ണത്തിന്റെ ശുദ്ധി ഉറപ്പാക്കലാണ്, അതായത് 22 കാരറ്റാണോ 24 കാരറ്റാണോ എന്ന് ഉറപ്പാക്കുന്നതാണ് സ്വർണ്ണം വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രധാന ആശങ്ക.
ഇന്ത്യയിൽ ലഭിക്കുന്ന സ്വർണ്ണം ശുദ്ധമല്ലെന്ന് പണ്ട് പലരും കരുതിയിരുന്നു. സമ്പന്നന്മാർ വിദേശ യാത്രകളിൽ സ്വർണ്ണം വാങ്ങുകയും തങ്ങളുടെ സ്വർണ്ണത്തിന്റെ ശുദ്ധി ഉറപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ത്യയിൽ ഹാൾമാർക്കിംഗ് എത്തിയതോടെ ശുദ്ധിയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന നിലയായി (എന്നിരുന്നാലും, പ്രശസ്തമായ ജ്വല്ലറികൾ പഴയ കാലം തൊട്ടേ തങ്ങൾ വിൽക്കുന്ന സ്വർണ്ണാഭരണങ്ങൾക്ക് ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിരുന്നു). കുറച്ച് കാലം മുമ്പ്, കെഡിഎം ആഭരണങ്ങളായിരുന്നു എല്ലാവർക്കും വേണ്ടത്. എന്നാൽ ആരോഗ്യവുമായി ബന്ധപ്പെട്ട അപായങ്ങൾ ഉള്ളതിനാൽ ഇപ്പോൾ കെഡിഎം ആഭരണങ്ങൾ നിർമ്മിക്കപ്പെടുന്നില്ല. എന്താണ് കെഡിഎം സ്വർണ്ണാഭരണങ്ങളും ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങളും തമ്മിലുള്ള വ്യത്യാസമെന്ന് നമുക്ക് മനസ്സിലാക്കാം.
ഹാൾമാർക്ക് ചെയ്ത സ്വർണ്ണം: ശുദ്ധിക്കൊരു ഉറപ്പ്സ്വർണ്ണാഭരണത്തിന്റെ നിലവാരം ഉറപ്പാക്കാൻ, വാങ്ങുന്നവർക്കുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ് ഹാൾമാർക്ക് ചെയ്ത സ്വർണ്ണം. 'ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സി'ൽ നിന്ന് അംഗീകാരം ലഭിച്ചിട്ടുള്ള ഏതെങ്കിലുമൊരു 'അസേയിംഗ് സെന്റർ' സാക്ഷ്യപ്പെടുത്തുന്ന സ്വർണ്ണമാണ് ഹാൾമാർക്ക് ചെയ്ത സ്വർണ്ണം എന്ന് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഉപഭോക്തൃ സാധനങ്ങളിൽ നിലവാരം ഉറപ്പാക്കുന്നതിന് ഉത്തരവാദിത്തമുള്ള 'ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്' നിഷ്കർഷിക്കുന്ന ഒരു പിടി മാനദണ്ഡങ്ങൾ പാലിക്കുന്ന ആഭരണങ്ങൾക്കാണ് ഹാൾമാർക്കിംഗ് സാക്ഷ്യപത്രം നൽകുന്നത്. സ്വർണ്ണത്തിൽ, നിർവചിക്കപ്പെട്ടിട്ടുള്ള പരിധിയോളം മാത്രമാണ്, സങ്കര ലോഹങ്ങൾ ചേർത്തിരിക്കുന്നത് എന്നാണ് ഹാൾമാർക്കിംഗ് പ്രത്യേകമായി ഉറപ്പാക്കുന്നത്.
ഒരു ഹാൾമാർക്ക് മുദ്രയിൽ നാല് ഘടകഭാഗങ്ങളുണ്ട്. ഇവയാണവ:- BIS ലോഗോ
- റീട്ടെയിലറുടെ ലോഗോ
- കാരറ്റിലും ഫൈൻനസ്സിലുമുള്ള ശുദ്ധി (916, 875 മുതലായവ)
- അസേയിംഗ് സെന്ററിന്റെ ലോഗോ
ഹാൾമാർക്ക് മുദ്രയുടെ ലേസർ മുദ്രണത്തിൽ സ്വർണ്ണാഭരണത്തിന്റെ ശുദ്ധി സൂചിപ്പിക്കപ്പെടുന്നു. എന്നാൽ ഹാൾമാർക്കിംഗിനും പരിമിതികളുണ്ട്. രാജ്യത്ത് വേണ്ടത്ര അസേയിംഗ് സെന്ററുകൾ ഇല്ലെന്നതാണ് ഒരു പരിമിതി. ഇന്ത്യയിൽ എല്ലാ കാരറ്റേജുകൾക്കും ഹാൾമാർക്കിംഗ് നിർബന്ധമാക്കിയിട്ടില്ല എന്നത് മറ്റൊരു പരിമിതിയാണ്.
കെഡിഎം സ്വർണ്ണംഒരുകാലത്ത് കെഡിഎം സ്വർണ്ണം വളരെ ജനപ്രിയമായിരുന്നു, എന്നാൽ ആരോഗ്യപരമായ അപായങ്ങൾ ഉണ്ടാക്കും എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇത്തരം ആഭരണങ്ങളുടെ നിർമ്മാണം നിർത്തിവയ്ക്കുകയായിരുന്നു.
വിവിധ ഭാഗങ്ങൾ വിളക്കിച്ചേർത്തുകൊണ്ടാണ് (സോൾഡർ ചെയ്തുകൊണ്ട്) ഒരു സമ്പൂർണ്ണ സ്വർണ്ണാഭരണം ഉണ്ടാക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമല്ലോ. സ്വർണ്ണത്തിന്റെയും ചെമ്പിന്റെയും ഒരു സങ്കരമിശ്രിതമാണ് പരമ്പരാഗതമായി വിളക്കിച്ചേർക്കുന്നതിന് ഉപയോഗിച്ച് വന്നിരുന്നത്. 60 ശതമാനം സ്വർണ്ണവും 40 ശതമാനം ചെമ്പും എന്ന അനുപാതത്തിലാണ് വിളക്കിച്ചേർക്കുന്നതിനുള്ള സങ്കരലോഹം ഉണ്ടാവുക.
എന്നിരുന്നാലും, ഈ രീതി സ്വർണ്ണത്തിലേക്ക് മാലിന്യങ്ങൾ ചേർക്കും. ഉദാഹരണത്തിന്, വിളക്കിച്ചേർക്കൽ രീതി ഉപയോഗിച്ചുകൊണ്ട് ഒരു സ്വർണ്ണവള നിർമ്മിക്കുകയാണെന്ന് കരുതുക. നിങ്ങളത് വാങ്ങുകയും പിന്നീട് വിൽക്കുകയും ചെയ്യുന്നുവെന്നും കരുതുക. വിൽക്കുന്ന സമയത്ത് സ്വർണ്ണം ഉരുക്കിനോക്കിയാൽ സ്വർണ്ണത്തിന്റെ ശുദ്ധിയിൽ കുറവ് ഉണ്ടായിട്ടുള്ളതായി മനസ്സിലാകും. ഈ പ്രശ്നം പരിഹരിക്കുന്നതിന് സങ്കരലോഹത്തിൽ ചെമ്പിന് പകരം കാഡ്മിയം ഉപയോഗപ്പെടുത്താൻ തുടങ്ങി.
പരമ്പരാഗത സ്വർണ്ണ - ചെമ്പ് മിശ്രിതം ഉപയോഗിക്കുന്നതിന് പകരമായി സ്വർണ്ണം - കാഡ്മിയം മിശ്രിതം ഉപയോഗിക്കുന്നത് സ്വർണ്ണത്തിന് 92 ശതമാനം ശുദ്ധി ഉറപ്പുനൽകും എന്നതാണ് ഇതിന്റെ മെച്ചം, കാരണം ഈ മിശ്രിതത്തിൽ 92 ശതമാനവും സ്വർണ്ണമായിരിക്കും 8 ശതമാനം മാത്രമാണ് കാഡ്മിയം ഉപയോഗിക്കുക. വിളക്കിച്ചേർക്കാൻ സ്വർണ്ണം - കാഡ്മിയം മിശ്രിതം ഉപയോഗിക്കുന്ന സ്വർണ്ണാഭരണങ്ങളെയാണ് കെഡിഎം സ്വർണ്ണാഭരണങ്ങൾ എന്ന് വിളിക്കുന്നത്. എന്നാൽ ഇത്തരം ആഭരണങ്ങൾ അണിയുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്, കാഡ്മിയത്തിന് പകരമായി മറ്റ് നൂതന സങ്കരങ്ങൾ ഉപയോഗിക്കാൻ തുടങ്ങി.