Published: 05 Sep 2017

ചന്ദ്രനിലെ സ്വർണ്ണം യാഥാർത്ഥ്യമാകുമോ?

ചന്ദ്രൻ ഭൂമിയുടെ ഏക ഉപഗ്രഹമാണ്. അത് ഭൂമിയിൽ നിന്ന് 384,400 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ ഏതാണ്ട് 27% വലിപ്പമുള്ള ചന്ദ്രനിൽ നിന്ന് അപൂർവ മൂലകങ്ങളും, സ്വർണ്ണം, വെള്ളി തുടങ്ങിയ അമൂല്യ ലോഹങ്ങളും, ജലവും ഹീലിയവും പോലുള്ള വാതകങ്ങളും ഖനനം ചെയ്തെടുക്കാൻ സാധിക്കുമെന്നും കരുതപ്പെടുന്നു.

ചന്ദ്രനിൽ അന്വേഷണങ്ങൾക്കും പര്യവേക്ഷണങ്ങൾക്കുമായി യന്ത്രമനുഷ്യരെ നിർമ്മിക്കാൻ അമേരിക്കൻ കമ്പനികളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നതായി നാസ പ്രഖ്യാപിച്ചത് ഫെബ്രുവരി 2014 ലാണ്. ചന്ദ്രോപരിതലത്തിന്റെ രാസസംയോഗം പഠിക്കാനുള്ള ഗവേഷണത്തിന്റെ ഭാഗമായിരുന്നു അത്. ചന്ദ്രഗ്രഹത്തിന്റെ ദക്ഷിണധ്രുവത്തിലുള്ള മണ്ണിന്റെ (റെഗോലിത്) മുകൾഭാഗത്തെ 10 സെന്റിമീറ്ററിനുള്ളിൽ ഭൂമിയിലെ ഏറ്റവും സമ്പന്നമായ ഖനികളേക്കാൾ ഏതാണ്ട് 100 മടങ്ങ് കൂടുതൽ സ്വർണ്ണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഉപഗ്രഹചിത്രങ്ങളെ അവലംബിച്ച് അവകാശപ്പെടുന്നു.

ഏതാനും വർഷം മുമ്പുവരെ ഭൂരിപക്ഷം ജിയോളജിസ്റ്റുകളും പുച്ഛിച്ചു തള്ളിയേക്കാവുന്ന ഒരാശമായമായിരുന്നു ചന്ദ്രനിൽ നിന്ന് എന്തെങ്കിലും ഖനനം ചെയ്തെടുക്കാനാകുമെന്നത്. ബഹിരകാശയാത്ര അങ്ങേയറ്റം ചിലവേറിയതും സാങ്കേതികവെല്ലുവിളികൾ നിറഞ്ഞതുമാണെന്ന് പറയേണ്ടതില്ലല്ലോ! ഒരു ലിറ്റർ കുപ്പി വെള്ളം ചന്ദ്രനിൽ എത്തിക്കാൻത്തന്നെ ഏകദേശം 250,000 ഡോളർ ചിലവുവരുമെന്നാണ് പറയുന്നത്. എന്നാൽ ഈയടുത്തകാലത്ത് സ്പെയ്സ്എക്സ് പോലുള്ള കമ്പനികളുടെ പ്രവർത്തനങ്ങൾ സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും ചിലവും അപകടസാധ്യകളും വളരെയേറെ കുറക്കാനും സഹായിച്ച് ചന്ദ്രഖനനം ഒരു സാധ്യമായ ലക്ഷ്യമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിലുപരി, മൂൺ എക്സ്പ്രസ് എന്ന സ്വകാര്യ ബഹിരാകാശ പര്യവേക്ഷണ കമ്പനിയുടെ സഹസ്ഥാപകനും ശതകോടീശ്വരനുമായ നവീൻ ജെയ്ൻ പറയുന്നത് 2017 അവസാനത്തോടെ ചന്ദ്രനിൽ ഒരു ചെറിയ റോബോട്ടിക് ബഹിരാകാശപേടകം ഇറക്കാൻ സാധിക്കുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നാണ്. പിന്നെ അധികം താമസിയാതെ സ്വർണ്ണം, പ്ലാറ്റിനം വർഗ്ഗത്തിൽപ്പെട്ട ലോഹങ്ങൾ, വെള്ളം തുടങ്ങി ചന്ദ്രനിലെ അമൂല്യ സമ്പത്തുകളുടെ ഖനനം ഏറ്റെടുക്കാനുകുമെന്നും മൂൺ എക്സ്പ്രസ് പ്രതീക്ഷിക്കുന്നു; നിരവധി സാങ്കേതിക, സാമ്പത്തിക വെല്ലുവിളികൾ അതിനുണ്ടെങ്കിലും.

എന്നാൽ, ചന്ദ്രഖനനം അഭിമുഖീകരിക്കുന്ന മുഴുവൻ പ്രശ്നങ്ങളും ശാസ്ത്രവുമായി ബന്ധപ്പെട്ടതല്ല. അന്താരാഷ്ട്ര ബഹിരാകാശ ഉടമ്പടികളനുസരിച്ച് ഒരു രാജ്യത്തിനോ വ്യക്തിയ്ക്കോ ഭൂമിയ്ക്കപ്പുറത്തുള്ള യാതൊന്നിന്റെമേലും അവകാശമോ ഉടമസ്ഥതയോ ചുമത്താനാകില്ല എന്നാണ്. അതിനർത്ഥം ചന്ദ്രനിലെ വിഭവസമ്പത്ത് പിഴുതെടുക്കുക എന്നത് യാഥാർത്ഥ്യമായാൽ, സ്വർണ്ണം ആരുടേതാകും എന്നതിനെച്ചൊല്ലി തർക്കമുണ്ടാകാനിടയുണ്ട്.

Sources:
Source1, Source2