Published: 10 Sep 2018
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ മ്യൂസിയം - മുസിയോ ഡെൽ ഓരോ
മുസിയോ ഡെൽ ഓരോ എന്ന സ്വർണ്ണ മ്യൂസിയത്തിൽ മുപ്പതിനായിരത്തിലധികം സ്വർണ്ണ കലാസൃഷ്ടികളുണ്ട്. ദക്ഷിണ അമേരിക്കൻ സംസ്ക്കാരങ്ങളുടെ പ്രാരംഭകാലത്തെ തദ്ദേശജന്യമായ കലാസൃഷ്ടികളാണ് ഇതെന്നത് ശ്രദ്ധേയമാണ്. കൊളംബിയയിലെ ബൊഗോട്ട സന്ദർശിക്കുമ്പോൾ ഒരിക്കലും വിട്ടുകളയാൻ പാടില്ലാത്ത ഒരിടമാണ് ഈ മ്യൂസിയം. ചരിത്രത്തിൽ ഏറെ പ്രസിദ്ധമായ ഈ ഇടത്തിന്റെ സ്വർണ്ണത്താൽ രചിക്കപ്പെട്ടിരിക്കുന്ന കഥകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.
ഗംഭീരമായി ക്യൂറേറ്റ് ചെയ്യപ്പെടുന്ന മ്യൂസിയമാണിത്. മൃഗങ്ങളുടെ ശിൽപ്പങ്ങൾ മുതൽ, അനുഷ്ടാനകലകളിൽ ഉപയോഗിക്കുന്ന അലങ്കാരങ്ങൾ അടക്കമുള്ള കലാസൃഷ്ടികളിലൂടെ കടന്നുപോകുമ്പോൾ 'ടൈം ട്രാവൽ' നടത്തുന്ന ഒരു പ്രതീതി നമുക്ക് ലഭിക്കും. മ്യൂസിയത്തിലെ ഓരോ മുറിയും ഒരു തീമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. മ്യൂസിയത്തിന്റെ രണ്ടാമത്തെ നിലയിൽ സ്ഥിര എക്സിബിഷനുകൾ നടക്കുന്നു. 'കൊളംബിയയിൽ ഹിസ്പാനിക് യുഗത്തിന് മുമ്പുള്ള ആളുകളും സ്വർണ്ണങ്ങളും' എന്ന തീമാണ് ആദ്യത്തെ മുറിയിലുള്ളത്. കലിമ, മ്യൂസ്ക, സാൻ അഗസ്റ്റിൻ, തൈറോന, തീറഡെൻട്രോ, ടോളിമ, ക്വിംബായ, ഉറാബ, സെനു എന്നീ ഗോത്രങ്ങളിൽ നിന്നുള്ള സ്വർണ്ണപ്പണിക്കാരുടെ സൃഷ്ടികളാണ് ഈ മുറിയിലുള്ളത്. 'കൊളംബസിന് ശേഷ'മുള്ള യുഗത്തിന് സമർപ്പിച്ചിട്ടുള്ള ഒരു സവിശേഷ വിഭാഗവും ഇവിടെയുണ്ട്.
ഷാമാനിക് ചടങ്ങുകളുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതാണ് തുടർന്നുള്ള ഫ്ലോറുകൾ. ഇവയെ 'ഓഫറിംഗ് റൂം', 'ഓഫറിംഗ് ബോട്ട്', 'ലേക്ക്' എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. അവസാനത്തെ മുറിയുടെ പേര് 'പ്രൊഫൗണ്ടേഷൻ റൂം' എന്നാണ്, ആകർഷകമായ വീഡിയോകളിലൂടെ കുറച്ച് പ്രധാനപ്പെട്ട പീസുകളുടെ ചരിത്രം നമുക്കിവിടെ മനസ്സിലാക്കാൻ കഴിയും.
ഈ മ്യൂസിയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മ്യൂസിക്ക റാഫ്റ്റ്. പ്രി-കൊളംബിയൻ സ്വർണ്ണ നൈവേദ്യമാണ് ഈ കലാസൃഷ്ടി. സ്വർണ്ണ നഗരമായ എൽ-ഡൊറാഡോയുടെ ഐതിഹ്യ കഥയുടെ മുന്നോടിയായിട്ടാണ് ഈ കലാസൃഷ്ടി അറിയപ്പെടുന്നത്. തദ്ദേശ ഗോത്രങ്ങൾ തങ്ങളുടെ അനുഷ്ഠാന ചടങ്ങുകൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന ഒരു സ്വർണ്ണച്ചങ്ങാടമാണിത്. ഇതിന് പിന്നിലെ ഐതിഹ്യ കഥ ഇതാണ്: പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന ചടങ്ങുകൾ നടന്നിരുന്നത് ഗൗതാവിത തടാകക്കരെ ആയിരുന്നുവെത്രെ. ഈ ചടങ്ങിൽ, കിരെഎടാവകാശി തന്റെ ശരീരം മുഴുവൻ സ്വർണ്ണത്തരികൾ കൊണ്ട് പൂശുന്നു. തുടർന്ന് ദൈവങ്ങൾക്കുള്ള സ്വർണ്ണവും മരതകങ്ങളും കയ്യിലെടുത്ത് തടാകത്തിലേക്ക് ചാടുന്നു. മ്യൂസിയത്തിലെ മറ്റൊരു പ്രദർശന വസ്തു, മൂപ്പന്മാർ അണിഞ്ഞിരുന്ന സ്വർണ്ണത്തൂവലുകളാണ്.
പ്രി-കൊളംബിയൻ കാലഘട്ടത്തിൽ നിന്നുള്ള 1,586 സ്വർണ്ണ വസ്തുക്കളാണ് ഈ മ്യൂസിയം അഭിമാനപൂർവ്വം പ്രദർശിപ്പിക്കുന്നത്. ആ കാലഘട്ടത്തിലെ കലാകാരന്മാരുടെ അനിതരസാധാരണമായ ലോഹപ്പണിയുടെ നേർസാക്ഷ്യമാണ് ഈ സൃഷ്ടികൾ. ഈ വസ്തുക്കളുടെ ഉപയോഗവും ഉദ്ദേശ്യവും എക്സിബിഷൻ ഊന്നിപ്പറയുന്നു, എന്തൊക്കെ തരത്തിലാണ് ഈ സമൂഹങ്ങൾ നിത്യ ജീവിതത്തിൽ സ്വർണ്ണം ഉപയോഗിച്ചിരുന്നതെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.
1934-ലാണ് കൊളംനിയയുടെ ആർക്കിയോളജിക്കൽ പൈതൃകസ്വത്ത് പരിരക്ഷിക്കുന്നതിനുള്ള ഉദ്യമം ബാങ്ക് ഓഫ് ദ റിപ്പബ്ലിക്ക് ഓഫ് (കൊളംബിയ) തുടങ്ങുന്ന്. ഇന്നിത്, ലോകം മുഴുവനുമുള്ള സഞ്ചാര പ്രേമികളുടെ പറുദീസയായിരിക്കുന്നു! കഴിഞ്ഞ എട്ട് ദശകങ്ങളായി ഈ മ്യൂസിയം വളർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഈ മ്യൂസിയത്തിൽ താൽക്കാലിക എക്സിബിഷൻ റൂമുകളും ഒരു ഓഡിറ്റോറിയവും ഒരു റസ്റ്റോറന്റും ഒരു കഫേയും ഒരു സോവനീർ സ്റ്റോറും ഉണ്ട്.
മുസിയോ ഡെൽ ഓരോയുടെ കാര്യത്തിൽ ഒരു കാര്യം കണിശമായും പറയാം, ഇവിടെ മിന്നുന്നതെല്ലാം പൊന്നാണ്.